ഗോവയുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൻ്റെ ഡിഎൻഎ പരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ്. ഗോവയുടെ മുൻ ആർഎസ്എസ് മേധാവി സുഭാഷ് വെല്ലിങ്കാർ ആണ് വിവാദ പ്രസ്താവന നടത്തിയത്. ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനെന്ന് വിളിക്കാനാവില്ലെന്നും വെല്ലിങ്കാർ പറയുകയുണ്ടായി. ഇത് ഗോവയിൽ വലിയ വിവാദത്തിനാണ് തുടക്കിമിട്ടത്. വിശുദ്ധ ഫ്രാൻസിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ബോം ജീസസ് പള്ളി യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയാകെ വിശ്വാസികൾ വളരെ പ്രാധാന്യത്തോടെ കാണുന്ന വിശുദ്ധനാണ് ഫ്രാൻസിസ്.
അതേസമയം വെല്ലിങ്കാറിൻ്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഗോവ മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവോ രംഗത്തെത്തി. ആർഎസ്എസ് നേതാവ് സാമുദായിക സമാധാനം തകർക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് മുൻ മുഖ്യമന്ത്രി അലിമാവോ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നാന്നും വെല്ലിങ്കാറിനെ അറസ്റ്റ് ചെയ്യണമെന്നും മുൻ മുഖ്യൻ ചർച്ചിൽ അലിമാവോ ആവശ്യപ്പെട്ടു.
ആർ എസ് എസ് നേതാവ് വെല്ലിങ്കാർ കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് സേവ്യറിനെതിരെ വിവാദ പരാമർശവുമായി രംഗത്ത് എത്തിയത്. ഹിന്ദു ക്രിസ്ത്യൻ മുസ്ലിം വിശ്വാസികൾ സൗഹാർദ്ദത്തോടെ വസിക്കുന്ന ഗോവയിൽ ക്രമസമാധാനം തകർക്കാൻ വെല്ലിങ്കാർ ശ്രമിക്കുന്നു എന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും മുൻ മുഖ്യമന്ത്രി അലിമാവോ ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം തകർന്നാൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആയിരിക്കും ഉത്തരവാദിയെന്നും അലിമാവോ പറഞ്ഞു.
വെല്ലിങ്കാറുടെ വർഗീയ വിദ്വേഷ പ്രസ്താവനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. പൊലീസ് വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവിനെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് പത്തുവർഷത്തിൽ ഒരിക്കൽ പൊതുജനങ്ങൾക്ക് കാണാൻ സൗകര്യം ഒരുക്കാറുണ്ട്. ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള ബോം ജീസസ് ദേവാലയത്തിലാണ് തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. നവംബർ 21 മുതൽ ജനുവരി 5 വരെയുള്ള തിരുനാൾ ഒരുക്കങ്ങൾ ദേവാലയത്തിൽ നടന്നുവരികയാണ്. ഇതിനിടെയാണ് പ്രകോപനപരമായ പ്രസ്താവനയുമായി സംഘപരിവാർ നേതാവ് രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മധ്യകാലഘട്ടത്തിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്ന മത ദ്രോഹവിചാരണയുടെ ഭാഗമായി വിഭാഗീയതയും അടിച്ചമർത്തലുമൊക്കെ നടത്തിയവരെ വിശുദ്ധരായി പരിഗണിക്കാൻ കഴിയില്ലെന്നാണ് വെല്ലിങ്കാർ വാദിക്കുന്നത്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനായി അംഗീകരിക്കാനാവില്ലെന്നും ആർഎസ്എസ് നേതാവ് പറയുകയുണ്ടായി.
സ്പെയിൻ സ്വദേശിയായ മിഷണറിയായിരുന്നു ഫ്രാൻസിസ് സേവ്യർ. 1512 ൽ ഇന്ത്യയിൽ വെച്ച് രോഗംബാധിച്ചു മരണമടഞ്ഞ വിശുദ്ധ ഫ്രാൻസിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് ഗോവയിലെ ബോം ജീസസ് കത്തീഡ്രലിലാണ്.