കഴിഞ്ഞ ദിവസമാണ് മലയാള ചലച്ചിത്ര താരം മോഹൻരാജ് അന്തരിച്ചത് . നടനും നിർമാതാവുമായ ദിനേശ് പണിക്കർ ആണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വ്യാഴാഴ്ച (ഒക്‌ടോബർ 3) വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഒരുകാലത്ത് തന്റേതായ അഭിനയമികവിനാൽ വ്യക്തിമുദ്ര പതിപ്പിച്ച മോഹൻരാജ്, കഴിഞ്ഞ കുറേ നാളുകളായി വിവിധ ആരോഗ്യപ്രശ്‌നങ്ങളുമായി പോരാടുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതരമായി കാലിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ തുടർന്നുകൊണ്ടിരുന്നു.
മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത “കീരിക്കാടൻ ജോസ്” എന്ന വേഷത്തിലൂടെ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച മോഹൻരാജ്, മലയാള സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് പുതിയ ഭാവം നൽകി. ഈ വേഷത്തിലെ ജനപ്രീതി അദ്ദേഹത്തെ തെലുങ്ക്, തമിഴ് സിനിമകളിലും ശ്രദ്ധേയനാക്കി.
മോഹൻരാജിന്റെ മരണത്തിൽ നടൻ മോഹൻലാൽ ഫേസ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘കഥാപാത്രത്തിന്‍റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട’. എന്ന് മോഹൻലാൽ തന്റെ കുറിപ്പിൽ എഴുതിയിരുന്നു.