ടെഹ്റാൻ: അമേരിക്കക്കും ഇസ്രയേലിനുമെതിരെ സംഘടിക്കാൻ മുസ്ലിം രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അൽ ഖമനി. അമേരിക്ക പേപ്പട്ടിയാണെന്നും ഇസ്രയേൽ രക്തരക്ഷസാണെന്നും ഖമനി ആഞ്ഞടിച്ചു. ശത്രുവിൻ്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങൾ തിരിച്ചറിയണമെന്നുംആയത്തുള്ള കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമനി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇറാൻറെ ആത്മീയ നേതാവും കൂടിയാണ് ആയത്തുള്ള.
ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും മുസ്ലിം രാജ്യങ്ങൾ ഈ പോരാട്ടത്തിൽ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അഞ്ച് വർഷത്തിനിടെ അദ്ദേഹം ആദ്യമായാണ് നമസ്കാരത്തിന് നേതൃത്വം നൽകുന്നത്. പോരാട്ട മുഖത്തെ പ്രാധാന്യം കണക്കിലെടുത്താണ് പരമോന്നത നേതാവ് ജനങ്ങളെ അഭിസംബോധന ചെയ്തതെന്നാണ് സൂചന.
ടെഹ്റാനിലെ പള്ളിയിൽ നടത്തിയ നമസ്കാരത്തിലാണ് ആയത്തുള്ള ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മുൻപ് റവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ച ശേഷമായിരുന്നു മുൻപ് സമാനമായ രീതിയിൽ അദ്ദേഹം നമസ്കാരം നയിച്ചത്. ഇത് 2020 ജനുവരിയിലായിരുന്നു.
2023 ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ മധ്യേഷ്യയിലാകെ സംഘർഷ സാഹചര്യം രൂപപ്പെട്ടു. പിന്നാലെ ഇസ്രായേൽ ഹിസ്ബുള്ള, ഹൂതി, ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ച് ആക്രമണം കടുപ്പിച്ചു. ഹിസ്ബുള്ള ജനറൽ സെക്രട്ടറി ഹസൻ നസ്റല്ല ഉൾപ്പെടെ കൊല്ലപ്പെട്ടതോടെ ഇറാനും പോരാട്ട രംഗത്ത് ഇറങ്ങുകയായിരുന്നു.
മധ്യേഷ്യയിലെ സംഘർഷാവസ്ഥ കാരണം എണ്ണവില ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജി7 രാജ്യങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇസ്രായേൽ ആക്രമിച്ച ഇറാനെതിരെ ഉപരോധം കൊണ്ടുവരാനും ജി7 രാജ്യങ്ങൾ നീക്കം നടത്തുന്നുണ്ട് എന്നാണ് സൂചന. കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ജി7.