നോഹയുടെ മാജിക്കിൽ കലിംഗയിൽ സൂപ്പർ സമനില: ISL2024

ബ്ലാസ്റ്റേഴ്സിന് അർഹമായ പെനാൽട്ടി ലഭിച്ചില്ല. മത്സരം സമനിലയിൽ

തുടക്കം രണ്ടടിച്ച് ലീഡ് നിലനിർത്തിയ ബ്ലാസ്‌റ്റേഴ്‌സിൻ്റെ രണ്ടാം വിജയത്തിനായി കലിംഗയിൽ ഒത്തുചേർന്ന ആരാധകർ ഒരുപാട് കൊതിച്ചു. ബ്ലാസ്റ്റേഴ്സിന് മറ്റൊരു ലൂണയെ കിട്ടിയ പോലെയാണ് നോഹ സദോയിയുടെ വരവ്. കളിച്ച മത്സരങ്ങളിലെല്ലാം സൂപ്പർ ഗോളുകൾകൊണ്ട് എതിർ ടീമിൻ്റെ ഗോൾ വല തകർത്തു കൊണ്ടേയിരിക്കുന്ന അറ്റാക്കിംങ്ങ് സ്റ്റൈൽ. കലിംഗയിലും പിറന്നു നോഹ മാജിക്ക്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് 2-2 എന്ന സമനിലയിലാണ് പിരിഞ്ഞത്. ആവേശകരമായ പോരാട്ടത്തിൽ 2-0ന് മുന്നിൽ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിലേക്ക് കളി അവസാനിക്കുമ്പോൾ മാറിയത്.

വീണ്ടും വീണ്ടും സൂപ്പർ നോഹ

മത്സരത്തിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കായിരുന്നു. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തു. ജിമനസിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു നോഹയുടെ ഗോൾ. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.

മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2 ഗോൾ ഒഡീഷയ്ക്ക് പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല.

എന്നാൽ 29ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളിൽ കലാശിച്ചത്.

36ആം മിനുട്ടിൽ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നല്ല അവസരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു എങ്കിലും വിജയ ഗോൾ വന്നില്ല.

ഇഞ്ച്വറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹയെ പെനാൾട്ടി ബോക്‌സിൽ വീഴ്ത്തിയതിന് ലഭിക്കേണ്ടിയിരുന്ന പെനാൾട്ടി റഫറി അനുവദിച്ചതുമില്ല. ഐ എസ് എൽ പോയിൻ്റ് ടേബിളിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 5 പോയിന്റ് ആണുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments