അയോധ്യ: ക്ഷേത്രനഗരമായ അയോധ്യയില്‍ രാമക്ഷേത്രത്തിനൊപ്പം ഇനി ആര്‍ട്ട് ഗ്യാലറി കൂടി. അയോധ്യയില്‍ ആദ്യത്തെ 3ഡി പ്രിന്റഡ് ആര്‍ട്ട് ഗാലറി നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. പൈതൃകവും ആധുനിക നവീകരണവും സമന്വയിപ്പിച്ചുള്ള സംരംഭമാണിത്. അയോധ്യയെ സാംസ്‌കാരിക മഹത്വത്തിന്റെയും ആസൂത്രിത വികസനത്തിന്റെയും കേന്ദ്രമാക്കി മാറ്റാനുള്ള യോഗി ദര്‍ശനത്തിന്റെ ഭാഗമാണ് ഈ സംരംഭം.
തേധി ബസാര്‍ റോഡില്‍ വസിഷ്ഠഭവനു സമീപം 1500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഗാലറിയുടെ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ അയോധ്യ വികസന അതോറിറ്റി (എഡിഎ) ആരംഭിച്ചിരിക്കുകയാണ്. 7.5 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തില്‍ പൂന്തോട്ടം, ആംഫി തിയേറ്റര്‍, ലോഞ്ച്, കഫറ്റീരിയ, ആര്‍ട്ട്-ബോട്ടിക്ക്, ക്രാഫ്റ്റ് ഷോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ഗാലറിയുടെ വിശദമായ രൂപകല്പന ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.