ഇടതുമുന്നണി പുകഞ്ഞ് പൊളിയുന്നു

കേരളം ഭരിക്കുന്നത് ഇടതുമുന്നണിയെന്നാണ് പറയുന്നതെങ്കിലും ഈ മുന്നണിയിലെ കക്ഷികൾക്ക് മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ മുന്നിൽ ഒരു ശബ്ദവും ഇല്ലാത്ത അവസ്ഥയാണ്. ഭരണമുന്നണിയിൽ നിന്ന് യുദ്ധം പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ അൻവർ മുതൽ എല്ലാ ഘടകക്ഷികളും നിരാശയിലാണ്. ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപിക്കെതിരെ നടപടി വേണമെന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്.

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന എൻസിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളി. യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസിന് സ്വന്തം തട്ടകത്തിൽ തന്നെ സിപിഎമ്മിന്റെ ആട്ടും തുപ്പുമാണ് വിധി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം)നെ അടുപ്പിക്കാതയതോടെ ഇടതു യോഗങ്ങളിൽനിന്നു വിട്ടുനിൽക്കാനാണ് കേരള കോൺഗ്രസ് (എം) പ്രാദേശിക തലങ്ങളിൽ തീരുമാനിച്ചിരിക്കുന്നത്.

തുടർഭരണത്തിൽ എട്ട് വർഷം പിന്നിട്ട സർക്കാരിനുണ്ടായ മൂല്യച്യുതിക്ക് പ്രധാനകാരണം ഇടതുപക്ഷ സ്വഭാവം നഷ്ടമായതാണെന്ന് പലരും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണെന്നായിരുന്നു സിപിഐ നേതാവ് പ്രകാശ് ബാബു പാർട്ടി മുഖപത്രത്തിലെഴുതിയത്. നിയമസഭയിൽ പ്രാതിനിധ്യമുള്ള 12 കക്ഷികളാണ് ഇടതുമുന്നണിയുള്ളത്. അധികാര ശക്തിയായി നിലനിൽക്കാൻ ആരുമായും കൂട്ടുകൂടുമെന്ന നിലപാടിലാണ് സിപിഎം. ഈ മാറ്റം ഇടതുമുന്നണിയുടെ ഇടത് സ്വഭാവം ചോർത്തുന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

ഇങ്ങനെ ആശയപരമായും ആവശ്യപരമായും സിപിഎമ്മിൽ നിന്ന് അവഗണന നേരിടുന്ന പാർട്ടികളുടെ കൂട്ടായ്മയായ മാറിയ ഇടതുമുന്നണിയിലെ പുകയലുകൾ ഉടനെ ആളിക്കത്തിയേക്കും. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് എൻസിപി എംഎൽഎ തോമസ് കെ തോമസ് രംഗത്തെത്തിയിട്ടുണ്ട്. തന്നെ മന്ത്രിയാക്കാതിരിക്കാൻ എന്ത് അയോഗ്യതയാണ് മുഖ്യമന്ത്രി കാണുന്നതെന്നായിരുന്നു തോമസിന്റെ പരസ്യമായ ചോദ്യം.

എഡിജിപിയെ മാറ്റാൻ സാധിക്കാത്ത സിപിഐക്ക് മുന്നണിയിൽ എന്ത് വിലയാണുള്ളതെന്ന ചോദ്യമാണ് ബിനോയ് വിശ്വം സിപിഐ അണികളിൽ നിന്നും നേരിടുന്നത്. ഇടതുമുന്നണിയിലേക്ക് ചേക്കേറിയിട്ട് കോട്ടയത്ത് തന്നെ നഷ്ടങ്ങൾ മാത്രമായ ജോസ് കെ മാണിക്കും പാർട്ടിക്കുള്ളിൽ കാര്യമായ സ്വാധീനക്കുറവുണ്ടെന്നതാണ് അവസ്ഥ.

മനംമുടപ്പിക്കുന്ന പല അനുഭവങ്ങളും ജോസ് കെ മാണിക്ക് നേരിടേണ്ടി വന്നിട്ടും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലുകൾ കാരണം പല നിലപാടുകളും ഉള്ളിലൊതുക്കുകയാണ് കേരള കോൺഗ്രസ് എം. കേരള കോൺഗ്രസിന് സ്വാധീനമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽനിന്നും കേരള കോൺഗ്രസി(എം)നെ മുന്നണിയിൽനിന്ന് ഒഴിവാക്കിയിരുന്നു.

കോട്ടയം ജില്ലയിൽ പനച്ചിക്കാട് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് രണ്ടു സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരള കോൺഗ്രസിന് പനച്ചിക്കാട്ട് പ്രവർത്തകരില്ലാത്തതിനാൽ സീറ്റ് നിഷേധിക്കുകയായിരുന്നു സിപിഎം ചെയ്തത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാരപ്പുഴ സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസി (എം)നെ മുന്നണിയിൽ കൂട്ടിയില്ല.

ഏറ്റവും ഒടുവിൽ കുമാരനെല്ലൂർ സഹകരണ ബാങ്കിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും സി.പി.എം.ഏകപഷീയമായി സ്ഥാനാർഥികളെ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചേർത്തുനിർത്തി ഞെരിച്ച് കൊല്ലുന്ന സിപിഎം നിലപാടിനെതിരെ എന്ത് നിലപാട് എടുത്ത് സ്വന്തം പാർട്ടികളെ രക്ഷിക്കും എന്നറിയാത്ത അവസ്ഥയിലാണ് ഈ പാർട്ടികളിലെ നേതാക്കൾ. ഇനിയൊരു തുടർഭരണം ജനങ്ങൾ നൽകരുതേയെന്ന പ്രാർത്ഥനയിലാണ് പല ഇടതുമുന്നണി നേതാക്കളുമെന്നതും ഒരു വസ്തുതയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments