ഭോപ്പാൽ: ഹോസ്റ്റൽ ഭക്ഷണത്തിൽ പാറ്റയെയും പുഴുവിനെയും കിട്ടിയതായി പരാതി. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നത്. വൃത്തിഹീനമായ പരിസരത്ത് ഭക്ഷണം ഉണ്ടാക്കുന്നതിന് എതിരെ അധികൃതർക്ക് പലതവണ പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ നടപടി ഒന്നും സ്വീകരിച്ചില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യ്തു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ റാണി ദുർഗവതി ഗേൾസ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പഴുതാരയെ കണ്ടെത്തി. ഇതിന് മുൻപും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. ഇത് പതിവായതോടെ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് കുട്ടികൾ പറയുന്നു.
കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം വിദ്യാർത്ഥികളുമുണ്ട്. പരാതി പറയുന്നവരുടെ ഇന്‍റേണല്‍ മാർക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുമെന്നും വിദ്യാർത്ഥികൾ പറയുന്നു. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും മെസ് ഫീസ് കൃത്യമായി അടക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമില്ലെന്നും വൃത്തിഹീനമായ മെസിൽ നിന്നും ഭക്ഷണം കഴിക്കുന്നത് വഴി ഭക്ഷ്യവിഷബാധ നിത്യസംഭവമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.