തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള പി സി ചാക്കോയുടെ നീക്കങ്ങൾ മുഖ്യമന്ത്രി മുടക്കി. ശശീന്ദ്രനെ മാറ്റുന്നത് ഉടനുണ്ടാകില്ലെന്നും കാത്തിരിക്കാനുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. എൻസിപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യമാണ് മന്ത്രിമാറ്റമെന്ന ചാക്കോയുടെ വാദം മുഖ്യമന്ത്രി പരിഗണിച്ചില്ല.
കൂടിക്കാഴ്ച്ചയിലെ തീരുമാനം ചാക്കോ കേന്ദ്ര നേതാക്കളെ അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തോമസ് കെ തോമസും പങ്കെടുത്തിരുന്നു. നിയമസഭ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയിൽ അറിയിച്ചത്. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടതാണെന്ന് എൻ.സി.പി നേതാവ് പിസി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദേശീയ നേതാവ് ശരദ് പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം.
മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ. എന്നാൽ കൂടിക്കാഴ്ച നീളുകയായിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിസഭയിലെടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് വലിയ താൽപര്യമില്ല. മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നായിരുന്നു ചാക്കോയുടെ പ്രതീക്ഷ. എന്നാൽ, കാത്തിരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയ സ്ഥിതിക്ക് എ.കെ. ശശീന്ദ്രനെ മാറ്റുമോ എന്ന് അറിയാൻ ഇനിയും കാത്തിരിക്കണം.
സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ കൈവിട്ടതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും മന്ത്രിമാറ്റത്തെ മുഖ്യമന്ത്രിയും ഘടകകക്ഷികളും പ്രോത്സാഹിപ്പിക്കില്ലെന്ന പ്രതീക്ഷയയായിരുന്നു എ.കെ.ശശീന്ദ്രനുണ്ടായിരുന്നത്.