
ജോലി ചെയ്യാൻ ഹെൽമെറ്റ് വയ്ക്കേണ്ടി വരുമോ? സെക്രട്ടറിയേറ്റിൽ സീലിങ് പൊളിഞ്ഞ് വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഹെൽമെറ്റ് വച്ച് ജോലി ചെയ്യേണ്ട അവസ്ഥയോ? സെക്രട്ടറിയേറ്റിൽ ജോലി ചെയ്തു കൊണ്ടിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലയിൽ ട്യൂബ് ലൈറ്റ് വീണു. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പാണ് ജോലിക്കിടെ അപകടം പറ്റിയ ഹതഭാഗ്യൻ. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. സീലിങ് പൊളിഞ്ഞ് വീണതിനെ തുടർന്നായിരുന്നു അപകടം.
അഡീഷണൽ സെക്രട്ടറിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിരുവല്ല സ്വദേശിയാണ് ഇദ്ദേഹം. ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ അജി ഫിലിപ്പ് മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സീലിങിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം. അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നില്ലെന്നും വിവരമുണ്ട്.