
വയനാട് ദുരന്തം: ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് മിണ്ടരുതെന്ന് ചീഫ് സെക്രട്ടറി
കളക്ടറും ഐജിയും മാത്രം മീഡിയകളോട് സംസാരിച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യങ്ങളോട് വിവരം പങ്കുവെക്കുന്നതില്‍ ഉദ്യോഗസ്ഥർക്ക് വിലക്ക്. കളക്ടറും ഐ.ജിയും മാത്രം മീഡിയകളോട് കാര്യങ്ങൾ ഷെയർ ചെയ്താൽ മതിയെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.
ഐ.ജി സേതു രാമനെയാണ് ഓൺസൈറ്റ് ഇൻസിഡന്റ് കമാണ്ടറായി നിയമിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളുടെ ചുമതല ഐ.ജിക്ക് ആയിരിക്കും. ദുരന്ത സ്ഥലത്തുള്ള എല്ലാ ഫോഴ്സും ഐ.ജിക്ക് റിപ്പോർട്ട് ചെയ്യണം. ജില്ലയിലെ ട്രാഫിക്ക് മാനേജ്മെന്റിന്റെ ചുമതല എ.ഡി.ജി.പിക്കാണ്. ദുരന്ത സ്ഥലത്ത് നടത്തുന്ന എല്ലാ ഓപ്പറേഷനും ഐ.ജി സേതുരാമൻ ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കണം എന്നും ഉത്തരവിൽ പറയുന്നു.

ഇന്ന് പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയിലാണ് ചീഫ് സെക്രട്ടറിയുടെ മാധ്യമ വിലക്ക് നടപടിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നടപടി ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റിന്റെ ലംഘനമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. നിയമപ്രകാരം കളക്ടർക്ക് ആണ് ചുമതല. കളക്ടറെ മറികടന്ന് 2 പോലിസ് ഓഫിസേഴ്സിന് എങ്ങനെ ചുമതല കൊടുക്കുമെന്ന എന്ന ചോദ്യമാണ് ഉയരുന്നത്. അസിസ്റ്റന്റ് എഡിറ്റർ കെ.പി. സായ് കിരൺ ആണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റിന്റെ ലംഘനമാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ നിർദേശം പല ഉദ്യോഗസ്ഥരും പാലിക്കാൻ തയ്യാറാകുന്നില്ലതും വസ്തുതയാണ്. ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയത് ഏത് വ്യവസ്ഥ പ്രകാരമാണെന്ന് വ്യക്തമല്ല, പ്രത്യേകിച്ചും ഇത്രയും വലിയ തോതിലുള്ള ദുരിതാശ്വാസ-രക്ഷാപ്രവർത്തനം നടക്കുമ്പോൾ. രക്ഷാപ്രവർത്തനത്തിന് സഹായകരമായ വിവരങ്ങള്‍ പുറത്തുവരുന്നത് തടയുന്നത് ശരിയല്ലെന്നാണ് ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗത്തിന്റെ നിലപാട്.