കൂടുതൽ പെൻഷൻ കിട്ടാൻ എൻപിഎസ്/യുപിഎസ് ഏത് തിരഞ്ഞെടുക്കണം

പെൻഷൻ കണക്കാക്കുന്നതിൽ ഇരു പദ്ധതികളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ കാണാം

ജീവനക്കാരുടെ ദീർഘാകാല ആവശ്യം പരിഗണിച്ച് 2024 ഓഗസ്റ്റ് 24ന് കേന്ദ്ര ഗവണ്മെന്റ് പുതിയ പെൻഷൻ പദ്ധതിയായ യുപിഎസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള എൻപിഎസിനെ അപേക്ഷിച്ച് പല മികവുകളുമുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. ഉറപ്പുള്ള പെൻഷൻ ലഭിക്കുന്നതാണ് ഏറ്റവും വലിയ ഗുണം. കുറഞ്ഞ സേവനകാലം പൂർത്തിയാക്കിയവർക്ക് ഈ തീരുമാനം കൂടുതൽ ആശ്വാസകരമാകും. പഴയ പെൻഷൻ പദ്ധതിയും നിലവിലുള്ള എൻപിഎസും പുതുതായി നടപ്പാക്കാനിരിക്കുന്ന യുപിഎസും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങൾ ഉണ്ട്. ഈ മൂന്നു പദ്ധതികൾ തമ്മിൽ താരതമ്യം ചെയ്യാം.

പഴയ പെൻഷൻ പദ്ധതി (ഒപിഎസ്)യും ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്)യും സർക്കാർ ജീവനക്കാർക്ക് സ്ഥിരമായ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതികളാണ്. എന്നാൽ, പെൻഷൻ കണക്കാക്കുന്നതിൽ ഇരു പദ്ധതികളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ കാണാം. ഒപിഎസിന് കീഴിൽ, വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന അവസാനത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 50 ശതമാനം പെൻഷനായി ലഭിക്കും. യുപിഎസിന്റെ പ്രക്രിയയിൽ, വിരമിക്കുന്നതിനുമുമ്പുള്ള 12 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ഉൾപ്പെടുത്തി ശരാശരിയെടുത്ത് അതിന്റെ 50 ശതമാനമായിരിക്കും അനുവദിക്കുക. ഇതുകൊണ്ട്, വിരമിക്കുന്നതിനടുത്ത് ലഭിക്കുന്ന സ്ഥാനക്കയറ്റവും ഉയർന്ന ശമ്പളവും 50 ശതമാനം അടിസ്ഥാനമാക്കി പെൻഷൻ കണക്കാക്കുന്നത് തടയപ്പെടും. 12 മാസത്തെ ശരാശരിയാകും അടിസ്ഥാനമായി പരിഗണിക്കുക. 25 വർഷമെങ്കിലും സേവനമുള്ളവർക്കാണ് 50 ശതമാനം പെൻഷന് അർഹത.

ഉറപ്പുള്ള പെൻഷൻ ജീവിതകാലം മുഴുവൻ അതാണ് യുപിഎസ് . ഏകീകൃത പെൻഷൻ പദ്ധതി അഥവാ യുപിഎസ് വാഗ്ദാനം ചെയുന്നത് ജീവനക്കാരന് ജീവിതകാലം മുഴുവൻ ഉറപ്പുള്ള പെൻഷൻ വരുമാനമാണ്.
കുറഞ്ഞത് 25 വർഷത്തെ സർവീസുള്ളവർക്ക് അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പ്.
10 മുതൽ 25 വർഷം വരെ കാലാവധിയുള്ളവർക്ക് സർവീസിന് ആനുപാതികമായ തുക ഉറപ്പായും പെൻഷനായി ലഭിക്കും.
പത്തു വർഷം എന്ന കുറഞ്ഞ സർവീസുള്ളവർക്കെല്ലാം 10000 രൂപ പെൻഷൻ ഉറപ്പാണ്.
മരണം വരെ ഉറപ്പുള്ള ഈ പെന്ഷന് പുറമെ പെൻഷനറുടെ മണശേഷം മാസപെന്ഷന്റെ 50 % പങ്കാളിക്ക് ലഭിക്കും.അതും ജീവിതകാലം മുഴുവൻ.
നിശ്ചിത പെൻഷൻ ഉറപ്പായും കിട്ടുമെങ്കിലും ഉയരുന്ന വിലക്കയറ്റം വർഷങ്ങൾ കഴിയുംതോറും അത് മതിയാകാതെ വരും. അതിനു പരിഹാരമായി അതാത് സമയത്ത് സർക്കാർ ക്ഷാമബത്ത പ്രഖ്യാപിയ്ക്കും. അഖിലേന്ത്യ ഉപഭോക്‌തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള ഈ ക്ഷാമബത്ത മൂലം യുപിഎസ് പെൻഷൻതുക ക്രമമായി വർധിച്ചുകൊണ്ടിരിക്കും .

എന്താണ് എൻപിഎസ് നൽകുന്നത്? 2004 ൽ വാജ്പേയ് സർക്കാർ കൊണ്ടുവന്നതാണ് നാഷണൽ പെൻഷൻ സിസ്റ്റം. ജീവനക്കാരന്റെ പെൻഷനായി ജീവനക്കാരനും ഗവണ്മെന്റും സർവീസ് കാലയളവ് മുഴുവൻ വിഹിതം നൽകുന്ന പദ്ധതി പങ്കാളിത്ത പെൻഷൻ പദ്ധതി എന്നാണ് അറിയപ്പെടുന്നത്. കിട്ടുന്ന വിഹിതം വിവിധ പദ്ധതികളിൽ നിക്ഷേപിച്ച് സമ്പത്ത് വളർത്തും. ജീവനക്കാരൻ വിരമിക്കുമ്പോൾ അതുവരെ സമാഹരിച്ച തുകയിൽ 60 %ആദായനികുതിപരമായി കൈപ്പറ്റാം. ബാക്കി തുക ആനുവിറ്റി പദ്ധതിയിലിട്ട് മാസപെൻഷനും നേടാം.

ഈ മൂന്ന് പെൻഷൻ പദ്ധതികളിലും ജീവനക്കാരും സർക്കാറുംനൽകേണ്ട വിഹിതങ്ങൾ എത്രയെന്ന് നോക്കാം:
എൻപിഎസിലാണെങ്കിൽ സർക്കാർ നിലവിൽ ജീവനക്കാരന്റെ ഡിഎ അടക്കമുള്ള അടിസ്ഥാന ശമ്പളത്തിന്റെ 14 % നൽകും. ജീവനക്കാരൻ 10 ശതമാനവും നൽകണം. ഇനി യുപിഎസിലാണെങ്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 18 . 5 % സർക്കാർ അടക്കും. ജീവനക്കാരൻ നിലവിലുള്ളത് പോലെ 10 % അടച്ചാൽ മതി. സർക്കാർ വീതം ഇങ്ങനെ ഉയർത്തുന്നത് വഴി പെൻഷനിൽ 19 %വർധനയുണ്ടാകുമെന്നാണ് വിശദീകരണം.
ഓപിഎസ് ജീവനക്കാരന് വിഹിതം നൽകേണ്ടതില്ല. കാരണം, ജീവനക്കാരുടെ പെൻഷനും കുടുംബത്തിനുള്ള ഫാമിലി പെൻഷൻ ചിലവും സർക്കാരാണ് വഹിച്ചിരുന്നത്. ശരാശരി ആയുസ് നീളുന്നതിനനുസരിച് അത്രയും വർഷവും പെൻഷൻ നൽകേണ്ടി വരുന്നതിനാൽ ഈ സാമ്പത്തിക ഭാരം ഉയർന്നു വരുകയാണ്. അത് താങ്ങാനാവാതെയാണ് ജീവനക്കാരിൽ നിന്നും വിഹിതമെടുത്തുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയായി എൻപിഎസ് അവതരിപ്പിച്ചത്.

മാറണോ വേണ്ടയോ?

ഞാൻ മാറണോ വേണ്ടയോ എന്നതാണ് ഓരോ ജീവനക്കാരന്റെയും ചോദ്യം. സർക്കാർ പറയുന്നതനുസരിച് 99 % ആളുകളും പുതിയ പെൻഷൻ
സ്കീമിലേക്ക് മാറുന്നതാണ് നല്ലത്. പക്ഷെ, ഓരോരുത്തരും സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ച് വേണം തീരുമാനമെടുക്കേണ്ടത് എന്നാണ് ധനകാര്യ വിദഗ്ദ്ധരുടെ നിലപാട്. യുവാക്കളായവർക്ക് ഇനിയും ദീർഘകാല സർവീസുള്ളതിനാൽ എൻപിഎസിൽ തുടരുന്നതാണ് നല്ലതെന്ന് ഇവരെല്ലാം ചൂണ്ടികാണിക്കുന്നു. ദീർഘകാല ഓഹരി നിക്ഷേപത്തിൽ നിന്ന് കൂടുതൽ നേടാനാകും എന്നതാണ് ഇതിന്റെ കാരണം.

പൊതുവായ സവിശേഷത

പഴയ പെൻഷൻ പദ്ധതി പോലെതതന്നെ, പണപ്പെരുപ്പത്തിന്റെ സ്വാധീനം കണക്കിലെടുത്ത്, ഏകീകൃത പെൻഷൻ പദ്ധതിയിലും പെൻഷൻ തുകയിൽ ക്രമാനുസൃതമായി വർധനവ് നൽകുന്ന പ്രത്യേകതയുണ്ട്. ഇത്, ജീവിത ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ പെൻഷൻ സ്വീകരിക്കുന്നവർക്ക് ഒരു ആധികാരികതയുള്ള സുരക്ഷ നൽകുന്നു. എന്നാൽ, ദേശീയ പെൻഷൻ പദ്ധതിയിൽ (NPS) ഇത് സംബന്ധിച്ച സൗകര്യം ഉണ്ടായിരുന്നില്ല.

പഴയ പെൻഷൻ പദ്ധതിയിൽ വിരമിച്ചവർക്ക്, ക്ഷാമാശ്വാസത്തിൽ (Dearness Allowance) വർഷത്തിൽ രണ്ടുതവണ വർധന ലഭിക്കാറുണ്ട് അത് ജനുവരിയിലും ജൂലായിലുമാണ്. ഇപ്പോൾ ഏകീകൃത പെൻഷൻ പദ്ധതിയിലും ഇത് ബാധകമാണ്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (All India Consumer Price Index) അടിസ്ഥാനമാക്കി, വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും യുപിഎസിൽ (Unified Pension Scheme) ഇത്തരമൊരു ക്ഷാമാശ്വാസം ലഭിക്കും, സർക്കാർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ.

എൻപിഎസ്‌-യുമായി താരതമ്യം:
ചുരുക്കത്തിൽ പറഞ്ഞാൽ, ഏകീകൃത പെൻഷൻ പദ്ധതി എൻപിഎസിന്റെ പരിഷ്കരിച്ച പതിപ്പാണെന്ന് കാണാം. ഉറപ്പുള്ള പെൻഷൻ വാഗ്ദാനം ചെയ്യുമ്പോഴും, ഇത് 10,000 രൂപയെന്ന ഒതുങ്ങിയ തുകയിലാണുള്ളത്. നിലവിൽ നൽകുന്ന 9,000 രൂപയേക്കാൾ 1,000 രൂപയുടെ വർധന മാത്രമാണ് ലഭിക്കുന്നത്.

എങ്കിലും, ശ്രദ്ധേയമായ ഒരു നേട്ടമുണ്ട്. സർക്കാർ വിഹിതം 14 ശതമാനത്തിൽനിന്ന് 18.50 ശതമാനമായി ഉയർത്തിയെന്നതാണ് ഇതിൽ എടുത്തുപറയേണ്ട മറ്റൊരു അനുകൂലത.
എന്തായാലും, പെൻഷൻ പദ്ധതി പരിഷ്കാരങ്ങൾ കൊണ്ട് പണപ്പെരുപ്പം നേരിടാനുള്ള സാധ്യത, ഒരൽപം സുസ്ഥിരമായ വരുമാന ഉറപ്പാണ് ഈ പദ്ധതികൾ നൽകുന്നത്.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്ക് കീഴിൽ പൊതുമേഖലയിലെ മൂന്ന് ഫണ്ട് മാനേജർ(എസ്ബിഐ പെൻഷൻ ഫണ്ടസ്, യുടിഐ റിട്ടയർമെന്റ് സൊലൂഷൻസ്, എൽഐസി പെൻഷൻ ഫണ്ട്)മാരായിരിക്കും പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുക. 85 ശതമാനം തുക സ്ഥിരനിക്ഷേപ പദ്ധതികളിലും 15 ശതമാനം ഓഹരി അധിഷ്‌ഠിത പദ്ധതികളിലുമായിരിക്കും വകയിരുത്തുക.

ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, രണ്ട് ഫണ്ടുകളായാണ് പെൻഷൻ തുക വിഭജിച്ച് നിക്ഷേപം നടത്തുക. ഒന്ന് വ്യക്തിഗത പെൻഷൻ ഫണ്ടും രണ്ടാമത്തേത് സർക്കാരിന്റെ അധിക വിഹിതവുമായിരിക്കും. വ്യക്തിഗത ഫണ്ടിൽ ജീവനക്കാരന്റെ വിഹിതവും അത്രയുംതന്നെ സർക്കാർ വിഹിതവും ഉൾപ്പെടും. ഇപ്രകാരമാണ് നിക്ഷേപം.

അതിന് പുറമെ മറ്റ് സാധ്യതകളും പ്രയോജനപ്പെടുത്തിയേക്കാം. കുറഞ്ഞ റിസ്‌ക്- റിട്ടേൺ തിരഞ്ഞെടുക്കുന്നവർക്ക് 100 ശതമാനം വിഹിതവും സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ അവസരം നൽകിയേക്കും. ഉയർന്ന നേട്ടം ആഗ്രഹിക്കുന്നവർക്ക് ‘ലൈഫ് സൈക്കിൾ’ അടിസ്ഥനമാക്കിയുള്ള ഓപ്ഷൻ സ്വീകരിക്കാം. കൺസർവേറ്റീവ് ലൈഫ് സൈക്കിൾ വിഭാഗത്തിൽ, പരമാവധി 25 ശതമാനവും മോഡറേറ്റ് ലൈഫ് സൈക്കിൾ വിഭാഗത്തിൽ 50 ശതമാനവും ഓഹരിയിൽ നിക്ഷേപ അവസരം അനവദിച്ചേക്കും. കൂടുതൽ തുക ഓഹരിയിൽ വകയിരുത്തുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്.


നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമാണ് യുപിഎസ് ബാധകമാകുക. 2025 ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യത്തിൽ വരിക. സംസ്ഥാന സർക്കാരുകളും ഇതോടൊപ്പം ചേരാനാണ് സാധ്യത. മഹാരാഷ്ട്ര സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ യുപിഎസ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും മഹാരാഷ്ട്ര.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments