സച്ചിൻ തെണ്ടുൽക്കറുടെ മാസ്മരിക ഇന്നിങ്സുകൾ വീണ്ടും കാണാൻ ക്രിക്കറ്റ് ആരാധകർക്ക് അവസരമൊരുങ്ങുകയാണ്. സച്ചിൻ ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ഇന്ത്യക്കായി തന്നെ കളിക്കും.
ഈ വർഷം ആരംഭിക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗിലാണ് ആരാധകരെ ഒരിക്കൽകൂടി ഞെട്ടിക്കാൻ സച്ചിൻ എത്തുന്നത്. ഇന്ത്യയടക്കം ആറ് ടീമുകളാണ് ടൂർണ്ണമെൻ്റിലുള്ളത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ദക്ഷിണ ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ്.
ടൂർണ്ണമെൻ്റിൻ്റെ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. നവംബറിൽ മുംബൈ, ലഖ്നൗ, റായ്പുർ എന്നിവിടങ്ങളിലായി നടക്കുമെന്നാണ് വിവരം.
സച്ചിൻ തെണ്ടുൽക്കറും സുനിൽ ഗവാസ്കറും ഒരുമിച്ചാണ് ഐഎംഎൽ അഥവ അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ്ൻ്റെ പിന്നണിയിൽ പ്രവർത്തിച്ചത്.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്, റോഡ് സേഫ്റ്റി വേൾഡ് സീരീസ് തുടങ്ങിയ വിരമിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻ്റുകളെ വലിയൊരു വിഭാഗം ജനങ്ങൾ പിന്തുണക്കുന്നത് കണക്കിലെടുത്താണ് പുതിയൊരു ടൂർണ്ണമെൻ്റിന് പിറവിയെടുത്തത്.
“ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ക്രിക്കറ്റിന് ജനപ്രീതി കൂടുകയാണ്. കഴിഞ്ഞ വർഷത്തിൽ ടി20 ക്രിക്കറ്റ് പുതിയ ആരാധകരെ കളിയിലേക്ക് ആകർഷിച്ചു. പുതിയ ഫോർമാറ്റുകളിലുള്ള പഴയ പോരാട്ടങ്ങൾക്ക് വീണ്ടും സാക്ഷിയാവുക, കായികതാരങ്ങൾ ഒരിക്കലും ഹൃദയംകൊണ്ട് വിരമിക്കാറില്ല, കളിക്കളത്തിൽ തിരിച്ചെത്താനുള്ള അവസരത്തിനായി അവർ കാത്തിരിക്കുന്നു” സച്ചിൻ പറഞ്ഞു.