പൂരംകലക്കിയ അന്വേഷണ റിപ്പോർട്ട് വൈകുന്നു; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

3 ആഴ്ച സമയം കൂടി നൽകാമെന്നും മറ്റൊരവധി ഉണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.

high court and Pooram

കൊച്ചി: തൃശൂർപൂരം കലങ്ങിയ സംഭവത്തിൽ ഉന്നതതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാര്യം പരാമർശിച്ചുകൊണ്ട് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിയത്.

കോടതി ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചുവെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം കൂടി സർക്കാരിന് നൽകി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ തന്നെ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സർക്കാർ ഇന്നു തുടരന്വേഷണം പ്രഖ്യാപിച്ചു. ആരോപണ വിധേയൻ തന്നെ അന്വേഷണം നടത്തുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ വലിയ വിമർശനം ഉയർത്തിയിരുന്നു.

പൂരം അലങ്കോലമാക്കിയതിൽ തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടും കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ചും ഉള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി റിപ്പോർട്ട് തേടിയത്. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ള പങ്കും കോടതി നിരീക്ഷിക്കുന്നുണ്ട്.

എഡിജിപി അജിത് കുമാർ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിലുള്ള നടപടികൾ വിശദീകരിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്നാണ് കോടതി വിമർശനം ഉന്നയിച്ചത്. അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 3 ആഴ്ച സമയം കൂടി നൽകാമെന്നും ഇനി മറ്റൊരവധി ഉണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments