ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടില്‍ ഒരു മുറി’ നാളെ തീയേറ്ററുകളിലെത്തുന്നു. ‘കിസ്മത്ത്’ ‘തൊട്ടപ്പന്‍’ ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് പ്രശസ്ത എഴുത്തുകാരന്‍ രഘുനാഥ് പാലേരിയാണ്. ‘കാലാതീതമായി നിൽക്കുന്ന ഒട്ടനവധി തിരക്കഥകൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച രഘുനാഥ് പാലേരിയെന്ന മാസ്റ്റർ ക്രാഫ്റ്റ് എഴുത്തുകാരൻ്റെ മടങ്ങിവരവുകൂടിയാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത.
പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പല വേഷങ്ങളില്‍ തിളങ്ങിയ പൂര്‍ണിമ ഇന്ദ്രജിത്ത്, സിനിമയിലേക്ക് വീണ്ടും മടങ്ങിവരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
സപ്ത തരംഗ് ക്രിയേഷന്സും വിക്രമാദിത്യന്‍ ഫിലിംസും സംയുക്തമായി നിര്‍മിക്കുന്ന ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ കൂടാതെ, ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, ജനാര്‍ദ്ദനന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.
അഭിനേതാക്കളുടെ മികച്ച പ്രകടനവും, ശക്തമായ തിരക്കഥയും, പ്രേക്ഷകരെ സിനിമയുടെ ലോകത്തിലേക്ക് ആഴത്തിൽ കൊണ്ടുപോകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.