മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത വില്ലൻ കഥാപാത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ മോഹൻരാജ് അന്തരിച്ചു. കീരിക്കാടൻ ജോസ് എന്ന പേരിലാണ് മോഹൻരാജ് മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. കിരീടം സിനിമയിലെ വില്ലൻ കഥാപാത്രത്തിൻ്റെ പേരാണ് കീരിക്കാടൻ ജോസ്. സിനിമാ താരവും നിർമാതാവുമായ ദിനേശ് പണിക്കരാണ് മോഹൻരാജ് അന്തരിച്ച വിവരം സാമൂഹിക മാധ്യങ്ങളിലൂടെ പങ്കുവെച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടിലായിരുന്നു അന്ത്യം. നാളെയാണ് സംസ്കാരം ഉണ്ടാകുമെന്നാണ് എന്നാണ് മോഹൻരാജിന്റെ വേർപാട് പങ്കുവെച്ച് ദിനേശ് പണിക്കർ കുറിച്ചത്.
കിരീടം സിനിമയിൽ പ്രേക്ഷകരെ അതിശയിപ്പിച്ച പ്രകടനത്തിലൂടെ അനശ്വരനായ നടനാണ് മോഹൻരാജ്. കിരീടത്തിന് മുൻപ് മൂന്നാംമുറയിൽ ഒരു വേഷം അവതരിപ്പിച്ചിരുന്നു എങ്കിലും കിരീടത്തിലെ ജോസ് ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്ന ആദ്യ കഥാപാത്രം. പിന്നീട് ഈ സ്റ്റേജ് നെയിമിൽ തന്നെ അറിയപ്പെടുക ആയിരുന്നു അദ്ദേഹം.
പിന്നീട് അർത്ഥം, വ്യൂഹം, രാജവാഴ്ച, ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, ഒളിയമ്പുകൾ, നരസിംഹം, മിമിക്സ് പരേഡ്, വിഷ്ണു, പത്രം , വാഴുന്നോർ, നരൻ, മായാവി, ചിറകൊടിഞ്ഞ കിനാവുകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. റോഷാക്ക് ആയിരുന്നു മലയാളത്തിലെ അവസാന ചിത്രം. കർണ, ദിൽ, ഏഴുമലൈ, ചന്ദ്രമുഖി, അമീറിൻ ആദി ഭഗവാൻ തുടങ്ങിയ തമിഴ് സിനിമകളിലും അദ്ദേഹം തിളങ്ങി. തെലുഗ്, ഹിന്ദി സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. സ്വാമി അയ്യപ്പൻ, കടമറ്റത്ത് കത്തനാർ തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ദിനേശ് പണിക്കർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;