News

വിവാദ അഭിമുഖഭാഗം നൽകിയ സുബ്രഹ്മണ്യനെ തള്ളാതെ ഒഴുക്കൻ മട്ടിൽ മുഖ്യൻ

ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദുവിന് അഭിമുഖം നൽകാൻ ഇടനില നിന്ന സുബ്രമണ്യൻ ഇടത് പശ്ചാത്തലം ഉള്ളയാളെന്ന വാദവുമുമായി പിണറായി വിജയൻ. മുഖ്യമന്ത്രിയുടേതെന്ന പേരിൽ പത്രത്തിൽ പ്രസിദ്ധീകരിച്ച ‘മലപ്പുറത്തെയും ഒരു മത വിഭാഗത്തെയും ആക്ഷേപിച്ച്’ നൽകിയ അഭിമുഖ ഭാഗം നൽകിയത് സുബ്രഹ്മണ്യനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരും കൈസണെ പ്രചാരണം ഏല്പിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ ന്യായീകരിക്കുമ്പോഴും ഇടനില നിന്ന ടിഡി സുബ്രഹ്മണ്യനെ തള്ളി പറയാൻ മുഖ്യൻ തയ്യാറായില്ല.

ഇയാൾ രാഷ്ട്രീയമായി ചെറുപ്പം മുതലെ ഞങ്ങളുടെ കൂടെ നില്‍ക്കുന്നയാളാണെന്നും കൃത്യമായ രാഷ്ട്രീയ നിലപാടുള്ളയാള്ളെന്നുമാണ് മുഖ്യൻ പറഞ്ഞത്. ഇയാളുടെ അച്ഛൻ ദേവകുമാറും നമ്മളുമൊക്കെയായുള്ള ബന്ധം എല്ലാവര്‍ക്കുമറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഇയാൾ പറഞ്ഞതിന്റെ പേരിലാണ് അഭിമുഖം നൽകിയതെന്നും ബാക്കി ഒന്നും അറിയില്ല, അവർ തമ്മിൽ തീരുമാനിക്കട്ടെ എന്നും തള്ളാതെയും കൊള്ളാതെയുമായിരുന്നു മുഖ്യൻ നൽകിയ വിശദീകരണം.

ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്ത മുഖ്യൻ സുബ്രഹ്മണ്യന് ഞങ്ങളുടെ രാഷ്ട്രീയമാണെന്ന് പറയുമ്പോൾ അത് ഒരു ജില്ലയേയും മത വിഭാഗത്തെയുമാകെ പ്രതിസ്ഥാനത്ത് നിർത്തുന്ന രാഷ്ട്രീയമാണോ എന്ന ചോദ്യവും ബാക്കിയാകുന്നു. പിന്നീട് നടത്തിയ വാർത്താ സമ്മേളനങ്ങളിലും ഈ പരാമർശം മറ്റൊരു രൂപത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. മലപ്പുറത്ത് നിന്നാണ് ഏറ്റവുമധികം ഹവാല പണവും കള്ളക്കടത്ത് സ്വർണ്ണവും പിടികൂടുന്നതെന്നായിരുന്നു മുഖ്യൻ ആവർത്തിച്ച് പറഞ്ഞത്. ഇതിന്റെ ധ്വനി പ്രതിപക്ഷം ഉയർത്തുന്ന തരത്തിൽ സംഘപരിവാർ രാഷ്ട്രീയം തന്നെയാണോ എന്നതാണ് ഇപ്പോഴുയരുന്ന സംശയം.

സിപിഎം നേതാവും ഹരിപ്പാട് മുന്‍ എംഎല്‍എയുമായിരുന്ന ദേവകുമാറിന്റെ മകനാണ് ടിഡി സുബ്രമണ്യൻ. ഡല്‍ഹിയിലെ കേരളഹൗസില്‍ ദി ഹിന്ദു ദിനപത്രവുമായി അഭിമുഖം നടക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ മാനേജറായ ടി.ഡി. സുബ്രഹ്മണ്യനും മുഖ്യനൊപ്പമുണ്ടായിരുന്നു. സിപിഎം ദേശീയ നേതൃത്വത്തിലുള്ള മാധ്യമ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന ഉന്നതനുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൈസണ്‍ കമ്പനി സിഇഒ വിനീത് ഹണ്ടയാണ് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശഭാഗം ഉള്‍പ്പെടുത്താനാവശ്യപ്പെട്ടത് സുബ്രഹ്മണ്യൻ തന്നെയാണ്.

മുൻ എസ്എഫ്ഐ നേതാവായ സുബ്രഹ്മണ്യന് കൈസണുമായി നേരിട്ട് ബന്ധമില്ല. എന്നാൽ റിലയൻസ് ഗ്രൂപ്പ്പിന്റെ ഭാഗമാണ്. കൈസൺ റിലയൻസ്ഷെൽ കമ്പനിയായ മേവന്‍ കോര്‍പ്പറേറ്റ് അഡ്വൈസേഴ്സാണ് പുറത്തുനിന്ന് നിയന്ത്രിക്കുന്നത്. ഈ കമ്പനിയുടെ 75 ശതമാനം ഷെയറും ഈ റിലയൻസ് ബന്ധമുള്ള കമ്പനിയുടെ കീഴിലാണ്. ഈ പരോക്ഷ ബന്ധം മാത്രമാണ് സുബ്രമണ്യവും കെയ്‌സണും തമ്മിലുള്ളത്. കെയ്‌സണ്‍ ഗ്രൂപ്പ് സിഇഒ വിനീത് ഹണ്ഡയും വൈസ് പ്രസിഡന്റ് നിഖില്‍ പവിത്രനുമായും സുബ്രഹ്മണ്യന് അടുത്ത ബന്ധമുണ്ട്. ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിനൊപ്പം പ്രവര്‍ത്തിക്കുന്ന ചരിത്രവുമുണ്ട് സുബ്രഹ്മണ്യന്.

Leave a Reply

Your email address will not be published. Required fields are marked *