
ഓഫറിനോട് “നോ” പറഞ്ഞ് ആശാൻ; കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ മറ്റൊരു ടീമിനും കോച്ച് ആകില്ല
ഇവാൻ ആശാൻ്റെ ആരാധകർക്കു ഇനി ആശ്വസിക്കാം, മഞ്ഞപ്പടയിലല്ലാതെ ഐഎസ്എല്ലിൽ മറ്റൊരു ടീമിനും കപ്പിത്താനായി, ബ്ലാസ്റ്റേഴ്സിൻ്റെ പ്രിയപ്പെട്ട ഇവാൻ വുകമനോവിച് എത്തില്ല. ബ്ലാസ്റ്റേഴ്സിൻ്റെ ചരിത്രത്തിൽ ക്ലബ്ബിനെ ഏറ്റവും കൂടുതൽ കാലം പരിശീലിപ്പിച്ചതും ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ കൂടിയാണ് ഇവാൻ. ഇവാൻ്റെ മടക്കവും ആരാധകരെ ഏറെ തളർത്തിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) പുതിയ സീസണിന് തുടക്കം കുറിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ടീമുകൾ മോശമല്ലാത്ത നിലയിലാണ് നിലവിൽ പോയിൻ്റ് ടേബിൾ മുന്നേറുന്നത്.
എല്ലാ ടീമുകളും മൂന്നു മത്സരങ്ങളിൽ കൂടുതൽ കളിച്ച് തീർന്നപ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി സീസണിലെ ഏറ്റവും മോശം തുടക്കത്തിലൂടെയാണ് ഈസ്റ്റ് ബംഗാൾ കടന്നുപോകുന്നത്.
ഈസ്റ്റ് ബംഗാൾ മാത്രമാണ് നിലവിൽ സീസണിൽ ഒരു പോയിൻ്റ് പോലും ഇതുവരെ നേടാത്ത ടീം.
കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ, പരിശീലകനെ പുറത്താക്കി. പകരം പുതിയ പരിശീലകനായി നീക്കങ്ങൾ നടത്തുകയാണ്.
തന്ത്രങ്ങളുമായി ഈസ്റ്റ് ബംഗാൾ
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ പരിശീലകനായ ഇവാൻ വുകമനോവിച് ഉൾപ്പടെയുള്ളവരെ ഷോർട് ലിസ്റ്റ് ചെയ്ത ഈസ്റ്റ് ബംഗാൾ ഇവാൻ ആശാനേ തട്ടകത്തിലെത്തിക്കാൻ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അല്ലാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബിൻ്റെ പരിശീലകൻ ആവാൻ താല്പര്യമില്ല എന്ന് ഇവാൻ വുകമനോവിച് പറഞ്ഞു.
തുടർച്ചയായ മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിച്ചതിനുശേഷമാണ് ഇവാൻ വുകമനോവിച് മടങ്ങിയത്. ആശാൻ എന്നും ബ്ലാസ്റ്റേഴ്സിൻ്റെ മാത്രമാണെന്ന് ആഗ്രഹിച്ച ആരാധകർക്ക് ആശ്വാസമാണ് ഈ വാർത്ത.