ലോക ഫുട്ബോളിനെ എന്നും അതിശയിപ്പിക്കുന്ന താരമാണ് മെസ്സി. ഒരു ഫുട്ബോൾ കളിക്കാരന് എന്തൊക്കെ നേടാൻ കഴിയുമോ അതിൻ്റെ അങ്ങേയറ്റമാണ് ഈ ഇതിഹാസത്തിൻ്റെ ജീവിതം. വീണ്ടും വീണ്ടും ഫുട്ബോളിൽ അതിശയം തീർക്കാൻ മെസ്സിയേക്കാൾ വലിയ അവതാരം ഇല്ലെന്ന് തീർത്തു പറയാം.
റൊസാരിയോയിലെ മുത്തശ്ശികൾക്ക് കഥയിൽ ഇനിയും ഒരുപാട് പുതു കഥകൾ ചേർത്തുപറയേണ്ടി വരും. അത്രയും മാന്ത്രികതയാണ് മെസ്സിയുടെ കാലുകൾക്ക്. ഇനിയും പിറക്കുമോ ഇത്തരം ഇതിഹാസങ്ങൾ എന്നുപോലും ചിന്തിച്ച് പോകും.
ഇപ്പോഴിതാ മെസ്സിയുടെ ഇൻ്റർ മയാമിക്ക് മേജർ ലീഗ് സോക്കർ സപ്പോർട്ടേഴ്സ് ഷീൽഡ്(MLS) കിട്ടിയിരിക്കുന്നു. അതിലുപരി ഫുട്ബോളിൻ്റെ മിശിഹായിക്ക് തൻ്റെ കരിയറിലെ 46 ആം കിരീടവും.
ഇരട്ട ഗോളുമായി മിശിഹ
യുഎസിലെ മേജർ ലീഗ് സോക്കർ സപ്പോർട്ടേഴ്സ് ഷീൽഡിലാണ് ഇൻ്റർ മയാമി വിജയിച്ചത്. കൊളംബസ് ക്രൂവിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. മയാമിക്കായി മെസി രണ്ടു ഗോളുകൾ നേടി. യുറഗ്വായ് താരം ലൂയി സ്വാരെസി വകയായിരുന്നു മൂന്നാം ഗോൾ.
ആദ്യ പകുതിയിൽ 45, 45+5 മിനിറ്റുകളിലാണ് മെസിയുടെ തകർപ്പൻ ഗോൾ പിറന്നത്. 48–ാം മിനിറ്റിലായിരുന്നു സ്വാരെസിയുടെ ഗോൾ. കൊളംബസിനായി ഡിഗോ റോസി (46), കുചോ ഹെർണാണ്ടസ് (61) എന്നിവർ ഗോൾ മടക്കി.63–ാം മിനിറ്റിൽ കൊളംബസ് താരം റൂഡി കമചോ ചുവപ്പുകാർഡ് കണ്ടു പുറത്തായി.
ഇൻ്റർ മയാമി ആദ്യമായാണ് ഷീൽഡ് വിജയിക്കുന്നത്. കഴിഞ്ഞ വർഷം ഇൻ്റർ മയാമിക്ക് ലീഗ് കപ്പ് നേടിക്കൊടുക്കാനും മെസിക്കു കഴിഞ്ഞു.
ഫുട്ബോളിൻ്റെ മാന്ത്രികൻ
മെസ്സി 8 ബാലൺ ഡി ഓറും 6 ഗോൾഡൻ ബൂട്ടുകളും ഇതുവരെ നേടിയിട്ടുണ്ട്. അർജൻ്റീനക്കൊപ്പ്ം ഒരു ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക, ഒരു ഫൈനൽസിമ, ഒരു അണ്ടർ 20 ലോകകപ്പ്, ഒരു ഒളിമ്പിക് സ്വർണം എന്നിവ നേടി.
ക്ലബ് തലത്തിൽ, അർജൻ്റീന 12 ലീഗ് കിരീടങ്ങൾ, 4 യുവേഫ ചാമ്പ്യൻസ് ലീഗ് (എല്ലാം ബാഴ്സലോണയ്ക്കൊപ്പം), 17 ആഭ്യന്തര കപ്പുകൾ. 3 യുവേഫ സൂപ്പർ കപ്പുകളും 3 ഫിഫ ക്ലബ്ബുകളും അദ്ദേഹം നേടിയിട്ടുണ്ട്.