Cinema

ഇന്ത്യൻ 2 ന്റെ ക്ഷീണം മാറ്റാൻ ഇന്ത്യൻ 3

കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ “ഇന്ത്യൻ 2” 2024ല്‍ തീയറ്ററുകളിൽ കടുത്ത പരാജയമായപ്പോൾ, ആരാധകരും സിനിമാ വ്യവസായവും ഒരുപോലെ തിരിച്ചടി അനുഭവിച്ചിരുന്നു. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം , തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, ബോക്‌സ് ഓഫീസ് കളക്ഷനിലും പ്രേക്ഷക പ്രതികരണത്തിലും ചിത്രം കനത്ത തിരിച്ചടിയാണ് നേരിട്ടത്.

റിപ്പോർട്ടുകൾ പ്രകാരം, ലൈക്ക പ്രൊഡക്ഷൻ നിർമ്മിച്ച ഈ ചിത്രം തമിഴ് സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറിയെന്നാണ് കരുതുന്നത്. ഷങ്കര്‍ അടക്കം സിനിമയുടെ മറ്റു ടീമംഗങ്ങൾ കനത്ത ട്രോളിംഗ് ഏറ്റുവാങ്ങിയതിന് കൈയ്യുംകണക്കുമില്ല. എന്നാൽ, “ഇന്ത്യൻ 2” ന്‍റെ നിരാശാജനകമായ പ്രകടനത്തിന്‍റെ ഇടയിൽ, “ഇന്ത്യൻ 3” ഒരുക്കാനുള്ള പദ്ധതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസൻ തന്നെ ഒരു വേദിയിൽ ഇന്ത്യൻ 2 നെക്കാൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് “ഇന്ത്യൻ 3” ആണെന്ന് പരസ്യമായി പറഞ്ഞിരുന്നു.

“ഇന്ത്യൻ 2″ന്‍റെ ക്ലൈമാക്സില്‍ തന്നെ മൂന്നാം ഭാഗത്തിന്‍റെ ട്രെയിലര്‍ കാണിച്ചിട്ടുള്ളത് പ്രേക്ഷകരിൽ ആവേശം വളർത്തിയിരുന്നു. സേനപതിയുടെ പിതാവ് വീരശേഖരന്‍റെ കഥയാണ് “ഇന്ത്യൻ 3” പറയുന്നത് എന്നാണ് സൂചന. “ഇന്ത്യൻ 3″യിലെ പ്രധാന വേഷങ്ങളിൽ കാജൽ അഗർവാൾ അടക്കം നിരവധി പ്രമുഖ താരങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇന്ത്യന്‍ 2 ഇറങ്ങി ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ 3 എത്തും എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇന്ത്യന്‍ 2വിന് സംഭവിച്ച വന്‍ തിരിച്ചടിക്ക് ശേഷം ഇന്ത്യന്‍ 3 സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നില്ല. “ഇന്ത്യൻ 2″വിന്‍റെ വൻ പരാജയം വിതരണക്കാരെയും തീയറ്റർ ഉടമകളെയും ബുദ്ധിമുട്ടിയിരിക്കുകയാണ്. തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് മുന്‍പ് കാര്യമായ ഫണ്ടിംഗ് ലഭിക്കാത്ത സാഹചര്യത്തിൽ, “ഇന്ത്യൻ 3” യുടെ റിലീസ് സ്റ്റ്രാറ്റജിയെക്കുറിച്ച് നിർമാണ സംഘം നിർണ്ണായക തീരുമാനമെടുക്കാനുള്ള ചര്‍ച്ചകളിലാണ്.

മറ്റൊരു പ്രധാന കാര്യം, “ഇന്ത്യൻ 2” വിന്‍റെ ഒടിടി അവകാശം 125 കോടിക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതാണ്. പക്ഷേ, ഇന്ത്യൻ 2 വിന്‍റെ പരാജയം മൂലം “ഇന്ത്യൻ 3” യുടെ ഒടിടി ഡീലിൽ നെറ്റ്ഫ്ലിക്സ് വലിയ തുക നല്‍കാൻ സാധ്യത കുറവാണ്. അതിനാൽ, തന്നെ ഇന്ത്യന്‍ 3 ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്താലോ എന്ന ചര്‍ച്ച നിര്‍മ്മാതാക്കളില്‍ ഉയര്‍ന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *