ഡല്‍ഹി; ഗാന്ധിജിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ മഹാത്മാ ഗാന്ധിയെ ഇകഴ്ത്തുന്ന തരത്തില്‍ പോസ്റ്റിട്ട ബിജെപി നേതാവും നടിയുമായ കങ്കണയ്ക്ക് നേരെ വിമര്‍ശനം രൂക്ഷം. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ കങ്കണയുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തി. ”ദേശ് കേ പിതാ നഹി, ദേശ് കേ തോ ലാല്‍ ഹോതേ ഹേ. ധന്യേ ഹേ ഭാരത് മാ കേ യേ ലാല്‍ (രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് മക്കളുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാര്‍ അനുഗ്രഹീതരാണ്) ‘ റണാവത്ത്തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ കുറിച്ച വാചകമാണിത്.
പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയ റണാവത്തിന്റെ പുതിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു. ഗാന്ധിജിയുടെ 155-ാം ജന്മവാര്‍ഷികത്തില്‍ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശത്തെ ഞാന്‍ അപലപിക്കുന്നു. തന്റെ ഹ്രസ്വ രാഷ്ട്രീയ ജീവിതത്തില്‍, വിവാദ പ്രസ്താവനകള്‍ നടത്തുന്ന ഒരു ശീലം അവര്‍ വളര്‍ത്തിയെടുത്തു, ”സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാലിയ പറഞ്ഞു. ”രാഷ്ട്രീയം തന്റെ മേഖലയല്ല. രാഷ്ട്രീയം ഗൗരവമുള്ള കാര്യമാണ്. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണം… അവരുടെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് പ്രശ്നമുണ്ടാക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം വിമര്‍ശനമായതോടെ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു.