കന്നിക്കപ്പിനായി ഇന്ത്യ; ടി20 വനിതാ ലോകകപ്പിന് ഇന്ന് കൊടിയേറും

യുഎഇയിൽ തുടക്കം, ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസീലൻഡിനെതിരെ. 19.65 കോടി രൂപയാണ് ഇത്തവണത്തെ ലോകകപ്പ് ചാംപ്യൻമാർക്കുള്ള സമ്മാനത്തുക.

icc women T20 world cup starting today

പലവട്ടം പോരാടിയിട്ടും ഇന്ത്യൻ പെൺപടയ്ക്ക് ലോകകപ്പ് എന്നത് പ്രതീക്ഷകളായി മാത്രം ചുരുങ്ങിയത് ക്രിക്കറ്റ് ലോകം കണ്ടതാണ്. 4 തവണ സെമിഫൈനൽ കളിച്ചു, ഒരു തവണ ഫൈനലിലുമെത്തി. പക്ഷേ കപ്പുയർത്താൻ ടീമിന് ഇതുവരെയായിട്ടില്ല.

വനിത ടി20 ലോകകപ്പിൻ്റെ (icc women world cup2024) ഒൻപതാം പതിപ്പിന് യുഎഇയിൽ ഇന്നു തുടക്കമാകുമ്പോൾ കിരീടവിജയത്തിൽ കുറഞ്ഞ് ഒന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞവർഷം ഇന്ത്യൻ പുരുഷ ടീം നേടിയ ലോകകപ്പ് അതെ മാറ്റോടുകൂടി മറ്റു രാജ്യങ്ങളെ എല്ലാം പരാജയപ്പെടുത്തി, ഇന്ത്യൻ മണ്ണിലേക്കു കൊണ്ടുവരണം എന്ന ഏക പ്രതീക്ഷയിലാണ് ഹർമൻ പ്രീത് കൗറിൻ്റെ സൂപ്പർ ടീം. കയ്യെത്തും ദൂരത്തുനിന്ന് കപ്പു നഷ്ട്ടപെട്ട വേദന എല്ലാ വർഷങ്ങളിലും ഇന്ത്യ അനുഭവിച്ചിട്ടുണ്ട്. അത് ഇനിയും ആവർത്തിക്കില്ലെന്ന് തന്നെ വിശ്വസിക്കാം.

2 മത്സരങ്ങളോടെ തുടക്കം

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഉദ്ഘാടന മത്സരത്തിൽ ബംഗ്ലദേശ് സ്കോട്‍ലൻഡിനെ നേരിടും. രാത്രി 7.30ന് പാക്കിസ്ഥാൻ – ശ്രീലങ്ക. നാളെ രാത്രി 7.30ന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 20നാണ് ഫൈനൽ. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാറിലും തൽസമയം.

10 ടീമുകൾ, 23 മത്സരങ്ങൾ

സ്കോട്‍ലൻഡ് ഉൾപ്പെടെ 10 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിൽ 5 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ മത്സരങ്ങൾ. ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് മികച്ച 4 ടീമുകൾ സെമിയിലേക്കെത്തും.

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കും ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയ്ക്കും പുറമേ പാക്കിസ്ഥാൻ, ന്യൂസീലൻഡ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇയിലെ ദുബായ്, ഷാർജ സ്റ്റേഡിയങ്ങളാണ് ലോകകപ്പിൻ്റെ വേദി.
ബംഗ്ലദേശ് വേദിയൊരുക്കേണ്ട ട്വൻ്റി20 ലോകകപ്പാണ്, രാഷ്ട്രീയ അനിശ്ചിതത്വം കാരണം അവസാന നിമിഷം യുഎഇയിലേക്കു മാറ്റിയത്. ആതിഥേയ ടീമായി ബംഗ്ലദേശ് നേരത്തേ യോഗ്യത നേടിയതിനാ‍ൽ യുഎഇ ടീമിനു ലോകകപ്പിൽ മത്സരിക്കാനാകില്ല.

കരുത്തർ ഓസീസ് തന്നെ

ഇതുവരെ നടന്ന 8 ലോകകപ്പുകളിൽ ആറിലും ജേതാക്കളായ ഓസ്ട്രേലിയയാണ് ടീമുകളിൽ സൂപ്പർ. 2009ലെ ആദ്യ വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടും 2016ൽ ജേതാക്കളായ വെസ്റ്റിൻഡീസുമാണ് മറ്റു ചാംപ്യൻ ടീമുകൾ. നിലവിലെ വനിതാ ട്വന്റി20 ടീം റാങ്കിങ്ങിൽ ഓസ്ട്രേലിയ ഒന്നാംസ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാമതും ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്.

പ്രതീക്ഷയോടെ ഇന്ത്യ

തുടർച്ചയായ നാലാം ട്വൻ്റി20 ലോകകപ്പിലും ഹർമൻപ്രീത് കൗർ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ 3 ലോകകപ്പുകളിലും സെമിഫൈനൽ കളിച്ച ഇന്ത്യയ്ക്കു കിരീട പ്രതീക്ഷ നൽകുന്നത് ടീമിലെ സൂപ്പർ താരനിരയാണ്. ക്യാപ്റ്റൻ ഹർമനും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും നയിക്കുന്ന ഇന്ത്യൻ ബാറ്റിങ് ലൈനപ്പിനു പരിചയ സമ്പത്താണ് കരുത്ത്.

യുഎഇയിലെ പിച്ചിൽ സ്പിന്നർമാരായ ദീപ്തി ശർമ, ആശ ശോഭന, ശ്രേയങ്ക പാട്ടീൽ എന്നിവർ തുറുപ്പുചീട്ടാകും. 15 അംഗ ഇന്ത്യൻ സ്ക്വാഡിൽ 6 ഓൾറൗണ്ടർമാരുമുണ്ട്. ഗ്രൂപ്പ് റൗണ്ടിൽ ദുബായിലും ഷാർജയിലും ഇന്ത്യയ്ക്കു 2 മത്സരങ്ങൾ വീതമാണുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments