കൊച്ചി: മലപ്പുറം ജില്ലയേയും ഒരു പ്രത്യേക മത വിഭാഗത്തെയും ഉന്നം വയ്ക്കുന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന്മേൽ പൊലീസിൽ പരാതി. പ്രസ്തുത പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അഭിമുഖം പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിനുമെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനാണ് മതസ്പർധ വളർത്തുന്ന നീക്കമെന്ന് കാണിച്ച് പരാതിയുമായി രംഗത്തെത്തിയത്.
അഭിഭാഷകൻ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയത്. എന്നാൽ വിവാദമായ പരാമർശം താൻ നടത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുഖ്യനൊപ്പം പ്രവർത്തിക്കുന്ന പിആർ ഏജൻസി നൽകിയ വിവരമാണ് അച്ചടിച്ചത് എന്നും ഇതിൽ ഖേദമുണ്ടെന്നും കാണിച്ച് ദി ഹിന്ദു രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ പിആർ ഏജൻസിയുമായി മുഖ്യൻ കൂടിക്കാഴ്ച നടത്തിയ വിവരവും പിന്നാലെ പുറത്തുവന്നിരുന്നു.
അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150കിലോ സ്വർണവും 123 കോടിരൂപയുടെ ഹവാലപ്പണവും പൊലീസ് പിടികൂടിയെന്നും ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉയോഗിക്കുന്നതായും മുഖ്യമന്ത്രിപറഞ്ഞെന്നുമായിരുന്നു അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്. പിന്നീട് ജില്ലയിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം ഹവാല പണവും കള്ളക്കടത്ത് സ്വർണവും പിടിച്ചതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.
പിആർ ഏജൻസി വിവാദം കത്തിപ്പടരുമ്പോഴും വ്യക്തമായ മറുപടി നൽകാനാകാതെ കുഴങ്ങിയിരിക്കുകയാണ് പിണറായി വിജയൻ. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്ന് പറയുമ്പോഴും ഏജൻസിയുമായി ബന്ധമുള്ള ആൾ തന്നെയാണ് അഭിമുഖം ഏർപ്പാടാക്കിയത് എന്നും അദ്ദേഹം സമ്മതിച്ചിരുന്നു. കൃത്യമായ വിശദീകരണം നൽകാതെ പരിഹാസ ചിരിയും മാധ്യമങ്ങളെ കുറ്റപ്പെടുത്തിയുമുള്ള സ്ഥിരം പ്രതികരണ ശൈലി ആയിരുന്നു ഇത്തവണയും മുഖ്യൻ പിന്തുടർന്നത്.