തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഗുരതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കും. സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ സിപിഎം പാർലമെൻ്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് സ്പീക്കർക്ക് കത്തുനൽകി. സിപിഎം നിയമസഭാകക്ഷി സെക്രട്ടറി ടിപി രാമകൃഷ്ണനാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
പിവി അൻവറിനെ ഒഴിവാക്കണമെന്ന ആവശ്യം നിയമസഭാ സെക്രട്ടേറിയറ്റ് അംഗീകരിക്കുമെന്നാണ് സൂചന. 15 ആം നിയമസഭയുടെ 12 ആം സമ്മേളനം നാളെ ആരംഭിക്കും. ഈ സമ്മേളനത്തിൽ ഭരണപക്ഷ നിരയിൽ അവസാന സീറ്റായിരിക്കും അൻവറിന് ലഭിക്കുക. നിയമസഭയിൽ അൻവറിന് സംസാരിക്കാൻ ലഭിക്കുന്ന സമയവും കുറയുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എംആർ അജിത് കുമാർ തുടങ്ങിയവർക്കെതിരെ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്. അജിത് കുമാറിനെയും പി ശശിയെയും സംരക്ഷിച്ച് പിടിക്കുന്ന സമീപനമായിരുന്നു മുഖ്യൻ സ്വീകരിച്ചത്. അൻവറിനെ അവജ്ഞയോടെ തള്ളുന്നു എന്നുകൂടി മുഖ്യൻ പറഞ്ഞതോടെ മുഖ്യൻ്റെ ഇടപെടലും അൻവർ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരുന്നു.
നിലമ്പൂരിൽ അൻവർ വിളിച്ച് കൂട്ടിയ വിശദീകരണ യോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പിന്നാലെ അൻവർ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. മുഖ്യനെ വിമർശിച്ച അൻവറിനെതിരെ ഇനി ഒരു രാഷ്ട്രീയ ബന്ധം വേണ്ടെന്ന നിലപാടിലാണ് സിപിഎം. അൻവർ വിമർശനം കടുപ്പിച്ചതോടെ കയ്യും കാലും വീട്ടുമെന്ന് ഭീഷണി മുദ്രാവാക്യം മുഴക്കി സിപിഎം നടത്തിയ പ്രകടനം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.