ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലെ നാലാം ദിനം ഇന്ത്യ ബാറ്റിങ്ങിൽ വെടിക്കെട്ടുകൾ പറത്തി. രണ്ടാം ദിനവും മൂന്നാം ദിനവും മഴ കൊണ്ടുപോയപ്പോൾ നാലാം ദിനം ഇന്ത്യ പൂർണമായി വിജയം സ്വന്തമാക്കി. 107 റൺസിന് ബാറ്റിങ് പുനരാംരഭിച്ച ബംഗ്ലാദേശിനെ 233 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മറുപടി ബാറ്റിങ് ആരംഭിച്ച രോഹിത് ശർമയും സംഘവും ആദ്യ ഓവർ മുതൽ ടി20 മോഡിൽ ബാറ്റ് വീശിയതോടെ ഇന്ത്യ അതിവേഗത്തിൽ 285 റൺസെടുത്തു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 34.4 ഓവറിലാണ് ഇന്ത്യ 285 റൺസ് നേടി ഇന്നിംങ്ങ്സ് ഡിക്ലയർ ചെയ്തത്.
‘എന്താണ് ചെയ്യേണ്ടത് എന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. മഴ മൂലം ഞങ്ങൾക്ക് രണ്ട് ദിവസം കളി നഷ്ടമായി. എന്നാൽ കിട്ടിയ സമയം എങ്ങനെ മികച്ചതാക്കാം എന്നായിരുന്നു ഞങ്ങൾ നോക്കിയത്. ജയിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കുകയായിരുന്നു പ്ലാൻ. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും അത് കാര്യമാക്കേണ്ട ആക്രമിച്ച് കളിക്കുക എന്നായിരുന്നു നായകൻ രോഹിത് ശർമയുടെ നിർദേശം,’ രാഹുൽ പറഞ്ഞു.
ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം യശസ്വി വെടിക്കെട്ട് സൃഷ്ടിച്ചു. രോഹിത് 11 പന്തിൽ 23 റൺസ് നേടി. ശുഭ്മൻ ഗിൽ 36 പന്തിൽ 39, ഋഷഭ് പന്ത് ഒമ്പത് റൺസ് എന്നിങ്ങനെ സ്കോർ ചെയ്തു. മധ്യനിരയിൽ മികച്ച കൂട്ടുക്കെട്ടുണ്ടാക്കിയ വിരാട് കോഹലി-കെ എൽ രാഹുൽ സഖ്യം ഇന്ത്യയെ ലീഡിലെത്തിക്കുകയായിരുന്നു. വിരാട് 35 പന്തിൽ 47 റൺസ് നേടി. ആകാശ് ദീപ് 5 പന്തിൽ രണ്ട് സിക്സറടിച്ചുകൊണ്ട് 12 റൺസ് സ്വന്തമാക്കി.