ദേശീയ ടീമിലേക്ക് തിരിച്ചുവരവിൻ്റെ പാതയിലായിരുന്നു മുഹമ്മദ് ഷമി. എന്നാൽ തിരിച്ചുവരവിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ പേസറിൻ്റെ കാൽമുട്ടിനേറ്റ പരിക്കു കാരണം മത്സരങ്ങളിൽ തൽക്കാലം ഇറങ്ങാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.
നവംബർ 24 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ കളിക്കാനുള്ള അവസരവും ഷമിക്ക് നഷ്ട്ടമാവാൻ സാധ്യതയുണ്ട്. 2023 ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. ടൂർണമെൻ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായിരുന്നു. കണങ്കാലിന് പരിക്കേറ്റ് ശസ്ത്രക്രിയ കാരണം ഐപിഎൽ 2024, ടി20 ലോകകപ്പ് എന്നിവയിൽ നിന്നും ബിസിസിഐ ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് മാസങ്ങളായി, ഷമി താൻ പരിശീലിക്കുന്നതിൻ്റെ ചിത്രങ്ങൾ, വീണ്ടെടുക്കലിൻ്റെ പാതയിലാണ് താനെന്നും പറഞ്ഞ് പോസ്റ്റുകൾ പങ്കുവെച്ചു. “ഷമിയുടെ പുതിയ തിരിച്ചടി അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് രണ്ട് മാസം കൂടി വൈകിപ്പിച്ചേക്കാം. ഷമി ബൗളിംഗ് പുനരാരംഭിച്ചു, ഉടൻ തന്നെ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു എന്നാൽ കാൽമുട്ടിനേറ്റ പരിക്ക് ഈയിടെയായി വർധിച്ചു. ബിസിസിഐയുടെ മെഡിക്കൽ സംഘം പരിക്ക് വിലയിരുത്തുന്നു, പക്ഷേ ഇതിന് കുറച്ച് സമയമെടുക്കും,” ബിസിസിഐ അറിയിച്ചു.
ഒക്‌ടോബർ 16-ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്‌ക്കിടെ ഒരു ഘട്ടത്തിൽ തിരിച്ചെത്തുക എന്നതായിരുന്നു ഷമിയുടെ യഥാർത്ഥ ലക്ഷ്യം. എന്നാൽ കാൽമുട്ടിന് പരിക്കുള്ളതിനാൽ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരയിൽ നിന്ന് ഏറെക്കുറെ ഷമി പുറത്താണ്.