സ്വതന്ത്ര എംഎൽഎ പാലിക്കേണ്ട സാമാന്യ മര്യാദ അൻവർ സർക്കാരിനോട് കാണിച്ചില്ലെന്ന് എംഎം മണി എംഎൽഎ. അൻവറിന്റെ ആരോപണങ്ങൾ ‘ച്ഛി ഫൂ’ അത്രേയുള്ളൂ ഞങ്ങളെ സംബന്ധിച്ച് എന്നായിരുന്നു മണിയുടെ പ്രതികരണം. ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ജയിച്ചിട്ട് അൻവർ പിന്നിൽ നിന്ന് കുത്തിയെന്നും മണി കുറ്റപ്പെടുത്തി. അതേസമയം അൻവർ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനമാക്കി വിമർശനം ഉന്നയിച്ച സിപിഐക്കെതിരെയും സിപിഎം എംഎൽഎയായ എംഎം മണിക്ക് ഇതേ അഭിപ്രായം ആണോ എന്നദ്ദേഹം വ്യക്തമാക്കിയില്ല.
അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ലെന്നും വിവാദ പരാമർശങ്ങൾ കൊണ്ട് കുപ്രസിദ്ധനായ എംഎം മണി തുറന്നടിച്ചു. ജയിച്ചിട്ട് ഒരുമാതിരി പിറപ്പ് പണിയാണ് കാണിച്ചതെന്നും മണി പറഞ്ഞു. അൻവർ മാന്യതയുണ്ടെങ്കിൽ രാജി വയ്ക്കണമെന്നും മണി തുറന്നടിച്ചു.
സിപിഎമ്മിലെ സാധാരണ പ്രവർത്തകരുടെ വികാരങ്ങൾ മുഴുവനും ഉൾക്കൊള്ളുന്നത് അൻവറാണോ എന്നും മണി ചോദിച്ചു. അൻവറിനെ പോലെ പലരും പാർട്ടിയിൽ വരുമെന്നും പോകുമെന്നും അവരൊന്നും പോയാൽ സിപിഎമ്മിന് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഒരു ശുപാർശയോ ചെയ്‌താൽ എല്ലാം നടക്കുമോ എന്നും എല്ലാമൊന്നും നടക്കില്ലെന്ന് പൊതുപ്രവർത്തകർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അൻവറിന് തോന്നുന്ന കാര്യങ്ങളെല്ലാം അയാൾ വിളിച്ചുപറയുന്നുണ്ടെന്നും നിലമ്പൂരിൽ ജയിച്ചത് സിപിഎമ്മിന് നല്ല സ്വാധീനം ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടിയിൽ പിആർ ഏജൻസി ഇല്ലെന്നും മാധ്യമ വാർത്തകൾ കൃത്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.