InternationalNews

ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ മരണം 120 ആയി

ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 120 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബോയിംഗ് 737-800 വിമാനം ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ വീഡിയോകളില്‍ വിമാനത്തിന്റെ അടിവശം റണ്‍വേയില്‍ മുട്ടി നിരങ്ങി നീങ്ങുന്നത് കാണാം. തുടര്‍ന്ന് മതിലില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പറന്ന വിമാനത്തില്‍ 181 പേരുണ്ടായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവരെല്ലാം മരിച്ചതായി സംശയിക്കുന്നതായും ദേശീയ അഗ്‌നിശമന ഏജന്‍സി അറിയിച്ചുവെന്ന് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തിന്റെ ദൃശ്യങ്ങളില്‍ വിമാനം ബെല്ലി ലാന്‍ഡിങ് നടത്തുന്നതും മതിലില്‍ ഇടിച്ച് തീപിടിക്കുന്നതും കാണാം. ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചത്. പതിവ് ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങ്ങിന് ശ്രമിച്ചതായും വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷി ഇടിച്ചതിന്റെ ഫലമായിരിക്കാം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എന്ന് കരുതുന്നു. ടയറുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാകാം ക്രാഷ് ലാന്‍ഡിങ് നടത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ആസൂത്രിതമായ ബെല്ലി ലാന്‍ഡിങ്ങാണെങ്കില്‍ ഫയര്‍ഫോഴ്സ് എന്തുകൊണ്ട് റണ്‍വേയ്ക്ക് സമീപം എത്തിയില്ല എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന് മുമ്പ് വിമാനം എന്തുകൊണ്ട് വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നില്ല എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. സാങ്കേതിക തകരാര്‍ കണ്ടെത്തിയാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും വരെ വിമാനത്താവളത്തിന് ചുറ്റം വിമാനം വട്ടമിട്ട് പറക്കാറുണ്ട്. എന്തുകൊണ്ട് ഇത് ഇവിടെ ഉണ്ടായില്ല എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മോശം കാലാവസ്ഥ ദുരന്തത്തിന് കാരണമായതായി മുവാന്‍ ഫയര്‍ സ്റ്റേഷന്‍ മേധാവി ലീ ജിയോങ് ഹ്യുന്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷി ഇടിച്ചതും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. എന്നാലും സംയുക്ത അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം പറയാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *