റയൽ മാഡ്രിഡ്, അത്ലറ്റിക്കോ ടീമുകളുടെ ആരാധകർ തമ്മിൽ വർഷങ്ങളുടെ ശത്രുതയാണ്. ഇപ്പോഴിതാ ലാ ലിഗ മത്സരത്തിനിടെ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ റയൽ മാഡ്രിഡ് കളിക്കാരെ ലക്ഷ്യമാക്കി, ഗ്യാലറിയിൽ നിന്ന് വിസർജ്യം എറിഞ്ഞ് മത്സരം തടസ്സപ്പെടുത്തി. 20 മിനിറ്റോളം കളി തടസപ്പെട്ടതിന് ശേഷം പുനരാരംഭിച്ച് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
സമനിലതെറ്റുന്ന ആരാധകകൂട്ടം
2000 ത്തിൽ ഇതേ ടീമുകൾ നേർക്കുനേരെയുള്ള മത്സരത്തിനിടയിൽ ഗ്യാലറിയിലേക്ക് പന്നി തല എറിഞ്ഞതിന് സമാനമായ സംഭവങ്ങളാണ് അത്ലറ്റികോ മാഡ്രിഡിൻ്റെ ഹോം ഗ്രൗണ്ടിൽ കണ്ടത്.
2000ൽ ലൂയിസ് ഫിഗോ ബാർസ വിട്ട് റയലിലേക്ക് ചേക്കേറിയതിൻ്റെ കലിപ്പിലായിരുന്നു പന്നി തല ഗ്രൗണ്ടിലേക്ക് ആരാധകർ എറിഞ്ഞത്. ഫിഗോ കോർണർ കിക്ക് എടുക്കാൻ തുടങ്ങുമ്പോഴായിരുന്നു ഇത്. ഇത്തവണ റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർട്ടുവയ്ക്ക് നേരെയാണ് അത്ലറ്റികോ മാഡ്രിഡ് ആരാധകർ വിസർജ്യം നിറഞ്ഞ കിറ്റ് എറിഞ്ഞത്.
രണ്ടാം പകുതിയിലെ 68ാം മിനിറ്റിലായിരുന്നു കോർട്ടുവ, കാണികൾ വസ്തുക്കൾ എറിയുന്നതായി റഫറിയോട് പരാതിപ്പെട്ടത്. മുഖം മൂടികളും ലൈറ്ററുകളുമെല്ലാം റയൽ ഗോൾകീപ്പർക്ക് നേരെ കാണികൾ എറിഞ്ഞു. അത്ലറ്റിക്കോ താരങ്ങളായ കോക്കെ ഉൾപ്പെടെയുള്ളവർ ആരാധകരോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രണ്ട് ടീമിലേയും താരങ്ങളോട് ഡഗൗട്ടിലേക്ക് മടങ്ങാൻ റഫറി നിർദേശിച്ചു.