കൊച്ചി: പീഡന പരാതിയിൽ പ്രതിയായ നടൻ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നിലെത്തും. സുപ്രീം കോടതി താത്കാലികമായി മുൻകൂർ ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തെത്തുന്നത്. അന്വേഷണവുമായി പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് അദ്ദേഹം സുപ്രിം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നിക്ഷേധിച്ചതിന് പിന്നാലെ പൊലീസിന് പിടി കൊടുക്കാതെ ഒളിവിൽ പോയ സിദ്ദിഖ് സുപ്രീം കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്യുകയായിരുന്നു.
സർക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമാകുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടന്നാണ് സിദ്ദിഖ് സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. അതേസമയം പരാതിക്കാരിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഒരാഴ്ചയിലേറെ ഫോണും സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇന്നാണ് പുറത്തിറങ്ങിയത്. ശേഷം കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുമായാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. തുടർ നടപടികൾ ആലോചിക്കാൻ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് യോഗം ചേർന്നു. ഈ മാസം 22ന് സിദ്ദിഖിന്‍റെ ഹർജി സുപ്രീകോടതി വീണ്ടും പരിഗണിക്കുമ്പോൾ ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന ആരോപണം പൊലീസ് ഉന്നയിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് നോട്ടീസ് ലഭിച്ചില്ലെങ്കിലും സ്വമേധയാ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിയമോപദേശം ലഭിച്ചതായാണ് സൂചന.