തിരുവനന്തപുരം : മെഡിക്കൽ റീഇമ്പേഴ്സ്മെൻ്റ് ( ചികിൽസ ചെലവ് പ്രതിരൂപണം) കിട്ടാൻ വൈകുന്നു. പരാതിയുമായി കേരള കേഡറിൽ നിന്ന് വിരമിച്ച ഐഎഎസുകാർ ഉൾപ്പെടെയുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. പ്രത്യേക ശീർഷകം ഇല്ലാത്തതിനാൽ തങ്ങളുടെ ചികിൽസ ചെലവ് സർക്കാരിൽ നിന്ന് ലഭിക്കാൻ വൈകുന്നുവെന്നാണ് ഇവരുടെ പരാതി.
മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ പോലുള്ള വീരശൂര പരാക്രമികൾ ആണല്ലോ വിരമിച്ച ഐഎഎസുകാരിൽ ചിലർ. പരാതി പരിഹരിച്ചില്ലെങ്കിൽ കസേര കാണില്ലെന്ന് കെ.എൻ. ബാലഗോപാലിന് നന്നായറിയാം. പ്രത്യേക ശീർഷകം അനുവദിക്കാൻ ബാലഗോപാൽ വക തീരുമാനവും ഇറങ്ങി. ഒപ്പം ചികിൽസ പണം വേഗം കിട്ടാനുള്ള 3 ഇന നിർദ്ദേശങ്ങളും ഇറക്കി. 2071-01 800-90 ( നോൺപ്ലാൻ -വോട്ടഡ് ) എന്നാണ് ബാലഗോപാൽ നൽകിയ പുതിയ ശീർഷകം. ശീർഷകത്തിൻ്റെ പേര് Medical reimbursement of retired IAS Officers എന്നും. ധനവകുപ്പ് അനുമതി ലഭിച്ചതോടെ പൊതുഭരണ വകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ജന ഐഎഎസ് ഉണർന്ന് പ്രവർത്തിച്ചു.
ശീർഷകം നോൺ പ്ലാൻ വോട്ടഡ് ആണോ, പ്ലാൻ ആണോ എന്നൊന്നും രേഖപ്പെടുത്താതെ അഞ്ജന വക ഉത്തരവും ഇറങ്ങി. പാട്ട് കേട്ട് ജോലി ചെയ്യാൻ അനുവാദമുള്ള സെക്രട്ടറിയേറ്റിലെ ഏക ഉദ്യോഗസ്ഥയാണ് അഞ്ജന ഐഎഎസ്. സർക്കാർ ചെലവിൽ അഞ്ജനക്ക് മ്യൂസിക് സിസ്റ്റം അനുവദിച്ചത് വിവാദമായിരുന്നു. പാട്ട് കേട്ട് ജോലി ചെയ്യുന്ന അഞ്ജനയ്ക്ക് ശീർഷകത്തിന് എന്ത് നോൺ പ്ലാൻ, എന്ത് പ്ലാൻ എന്നായിരിക്കും ചിന്ത. സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും മെഡിസെപ്പിൽ നിന്ന് പണം കിട്ടാൻ തേരാ പാര ഓടി കൊണ്ടിരിക്കുമ്പോഴാണ് വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥർക്ക് ബാലഗോപാൽ വക പ്രത്യേക ശീർഷകം.
ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 22 ശതമാനം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശിക ആയിരിക്കുമ്പോഴും ഐഎഎസുകാർക്ക് കുടിശിക ഉണ്ടാകാതിരിക്കാൻ ബാലഗോപാലിൻ്റെ പ്രത്യേക കരുതൽ സെക്രട്ടറിയേറ്റിൽ ചർച്ച വിഷയമാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് പാരസെറ്റമോൾ വാങ്ങിക്കാൻ പോലും ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. അത്ര കരുതലാണ് ബാലഗോപാലിനും പിണറായിക്കും.