
രാഷ്ട്രീയത്തിൽ നിന്ന് ദൈവങ്ങളെയെങ്കിലും അകറ്റി നിർത്തൂ; സുപ്രീംകോടതി
തിരുമല തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. കേസ് അന്വേഷണം നടക്കുന്ന സമയത്ത് നായിഡുവിൻ്റെ പ്രസ്താവനകളുടെ ഔചിത്യത്തെ കോടതി ചോദ്യം ചെയ്തു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് നായിഡുവിനെ ചോദ്യം ചെയ്തത്.
ലബോറട്ടറി റിപ്പോർട്ടിൽ വ്യക്തതയില്ലെന്നിരിക്കെ എന്തിനാണ് മാധ്യമങ്ങളുടെ മുന്നിൽ പോയതെന്ന് കോടതി ചോദിച്ചു. ഉപയോഗിച്ചതല്ല മറിച്ച് ഒഴിവാക്കിയ നെയ്യാണ് പരിശോധനയ്ക്ക് എടുത്തതെന്നാണ് പ്രഥമ ദൃഷ്ട്യ റിപ്പോർട്ടിൽ മനസിലാകുന്നതെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിന് നിങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ, ഫലം വരുന്നതിന് മുന്നേ നിങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും വീണ്ടും പോകേണ്ടതിന്റെ ആവശ്യമെന്തെന്ന് ജസ്റ്റി സ് ഗവായ് ചോദിച്ചു.
നിങ്ങളുടെ പ്രസ്താവനകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ ബാധിക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. എല്ലാകാര്യങ്ങളും രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി ചുരുങ്ങിയത് ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് കോടതി വ്യക്തമാക്കി. മായം ചേർത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അന്വേഷണം പുരോഗമിക്കുമ്പോൾ, കോടിക്കണക്കിന് ആളുകളുടെ വികാരത്തെ ബാധിക്കുന്ന തരത്തിൽ ഒരു പ്രസ്താവന നടത്തുന്നത് ഉന്നത ഭരണഘടനാ അധികാരത്തിന് ഉചിതമല്ലെന്നാണ് ഞങ്ങൾ പ്രഥമദൃഷ്ട്യാ കാണുന്നതെന്ന് കോടതി പറഞ്ഞു.
വിവാദത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിക്കുന്നത്. മത ട്രസ്റ്റുകളുടെ കാര്യങ്ങളും പ്രസാദത്തിൻ്റെ നിർമ്മാണവും നിയന്ത്രിക്കുന്നതിനുള്ള സ്വതന്ത്ര അന്വേഷണ നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഹർജികൾ ആവശ്യപ്പെട്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത് .
മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് സുബ്രഹ്മണ്യൻ സ്വാമി, രാജ്യസഭാ എംപി, മുൻ ടിടിഡി ചെയർമാൻ വൈ.വി. സുബ്ബ റെഡ്ഡിയും മറ്റുള്ളവരും സ്വതന്ത്ര അന്വേഷണവും മത ട്രസ്റ്റുകളും പ്രസാദ നിർമ്മാണവും നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ആവശ്യപ്പെടുന്നു.
വാദത്തിനിടെ, സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിക്ക് ബെഞ്ചിൽ നിന്ന് രൂക്ഷമായ ചോദ്യം ചെയ്യലുണ്ടായി.
“ലാബ് റിപ്പോർട്ടിലെ ചില നിരാകരണങ്ങൾ ഇതാ. ഇത് വ്യക്തമല്ല, പരിശോധനയ്ക്ക് വിധേയമാക്കിയ നെയ്യ് നിരസിച്ചതായി പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നു. നിങ്ങൾ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിൽ, എന്തിനാണ് മാധ്യമങ്ങൾക്ക് മുന്നിൽ പോയത്.നിങ്ങളെപ്പോലെ ആരെങ്കിലും ഒരു റിപ്പോർട്ട് നൽകുമ്പോൾ, ഒരു രണ്ടാമത്തെ അഭിപ്രയം തേടേണമെന്ന വിവേകമില്ലേ ? ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു.
ഒന്നാമതായി, ഈ നെയ്യ് ഉപയോഗിച്ചതിന് തെളിവില്ല. രണ്ടാമത് ഒരു അഭിപ്രായവുമില്ല. ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ചത് യഥാർത്ഥത്തിൽ നെയ്യാണോ എന്ന കാര്യത്തിലും കോടതി വ്യക്തത തേടി.
കേന്ദ്ര അന്വേഷണം ആവശ്യമാണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ആലോചിക്കാൻ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ തുഷാർ മേത്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
മുൻ വൈഎസ്ആർസിപി സർക്കാരിൻ്റെ കാലത്ത് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്ത നെയ്യിൽ ബീഫ് കൊഴുപ്പും മത്സ്യ എണ്ണയും ഉൾപ്പെടെയുള്ള വിദേശ കൊഴുപ്പിൻ്റെ സാന്നിധ്യം കാണിക്കുന്ന ലാബ് റിപ്പോർട്ട് നായിഡു പരസ്യമാക്കിയതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.