ഫ്രഞ്ച് പടയുടെ കരുത്തനായ പോരാളി അൻ്റോയ്ൻ ഗ്രീസ് മാൻ, ആരാധകരുടെ പ്രിയപ്പെട്ട ഗ്രീസി രാജ്യാന്തര ഫുട്ബോളിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചു. സാമൂഹമാധ്യമങ്ങളിൽ വിരമിക്കല്‍ അറിയിച്ചുള്ള വീഡിയോ താരം പങ്കുവെച്ചു.
“ഹൃദയം നിറയെ ഓർമ്മകളുമായി ഞാൻ ഈ അധ്യായത്തിന് വിരാമമിടുന്നു,ഫ്രഞ്ച് ത്രിവർണ്ണ പതാകയ്ക്കുകീഴിലെ പോരാട്ടങ്ങളിൽ എനിക്കൊപ്പം നിന്നതിന് നന്ദി” ഗ്രീസ്മാൻ കുറിച്ചു.
ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ്. 33 മത്തെ വയസ്സിലാണ് ആരാധകരെ ഞെട്ടിച്ചുള്ള ഈ വിരമിക്കൽ. 2018 ൽ ഫിഫ ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരായി ഗ്രീസ്മാൻ നേടിയ ഗോളിലൂടെയാണ് ഫ്രാൻസ് അന്ന് ലോകകപ്പ് ഉയർത്തിയത്.രാജ്യത്തിനുവേണ്ടി 137 മത്സരങ്ങളിൽ ബൂട്ടുകെട്ടി 44 ഗോളുകളും 38 അസിസ്റ്റും നേടി. എണ്ണിയാൽ തീരാത്ത മെഡലുകളും നേട്ടങ്ങളും ഫ്രാൻസിൽ കുറിച്ചിട്ടാണ് ഗ്രീസ്മാൻ്റെ വിടവാങ്ങൽ.
നീലക്കുപ്പായത്തിലെ ഗ്രീസി
2016 യൂറോകപ്പിലും 2022 ലോകകപ്പിൽ റണ്ണറപ്പായ ഫ്രാൻസ് ടീമിലും ഗ്രീസ്മാൻ അംഗമായിരുന്നു. ഫ്രാൻസിനായി കൂടുതൽ മത്സരം കളിച്ചവരിൽ മൂന്നാം സ്ഥാനത്തും കൂടുതൽ ഗോൾ നേടിയവരിൽ നാലാം സ്ഥാനത്തുമുണ്ട്. സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായും നീലക്കുപ്പായത്തിൽ ഗ്രീസി ഫ്രാൻസിനോട് ചേർന്നു നിന്നു.
ഒരു പതിറ്റാണ്ടായി കോച്ച് ദിദിയെ ദെഷാമിൻ്റെ കീഴിലുള്ള ഫ്രഞ്ച് ടീമിലെ പ്രധാനിയായിരുന്നു ഗ്രീസ്മാൻ. കഴിഞ്ഞ വർഷം ഗ്രീസ്മാനെ തഴഞ്ഞ് കിലിയൻ എംബപെയെ ടീം ക്യാപ്റ്റനാക്കിയതിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് ഗ്രീസ്മാൻ അപ്രതീക്ഷിത വിരമിക്കൽ നടത്തിയതെന്നും റിപ്പോർട്ടുണ്ട്. ക്ലബ് ഫുട്ബോളിൽ നിലവിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിൻ്റെ താരമാണ്.
“വെല്ലുവിളികളും വിജയങ്ങളും അവിസ്മരണീയമായ നിമിഷങ്ങളും അടയാളപ്പെടുത്തിയ 10 വർഷങ്ങൾക്ക് ശേഷം, പുതിയ തലമുറയ്ക്ക് വഴിയൊരുക്കാനുള്ള സമയമാണിത്. ഈ ജേഴ്സി ധരിക്കുന്നത് ഒരു ബഹുമതിയും പദവിയും ആയിരുന്നു.” ഗ്രീസ്മാൻ പറഞ്ഞു.