ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറെ പ്രിയപ്പെട്ടവനും എന്നാൽ ബിസിസിഐയ്ക്ക് (ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്) സ്ഥിരം മാറ്റിനിർത്താനുമുള്ള പ്ലെയറാണ് സഞ്ജു സാംസൺ. റണ്ണുകൾ വാരി കൂട്ടുക എന്നത് സഞ്ജുവിൻ്റെ സ്ഥിരം ശൈലിയാണ്. എന്നാൽ കുറച്ചു വർഷങ്ങളായി ബിസിസിഐയ്ക്ക് സഞ്ജുവിനോടുള്ള അവഗണന കൂടുന്നു.
മുൻ നിര താരങ്ങൾ ഉൾപ്പെട്ട ടി20 കൾ നടക്കുമ്പോൾ സഞ്ജുവിനെ മാറ്റി ടെസ്റ്റ് മത്സരങ്ങളിൽ ഇടും, ടെസ്റ്റ് നടക്കുമ്പോൾ ടി 20യിലും ഇത് വർഷങ്ങളായുള്ള കാഴ്ചയാണ്. ബിസിസിഐ ക്ക് സഞ്ജുവിനെ മാറ്റിനിർത്തിയുള്ള ഈ പൊളിറ്റിക്സ് എന്തിൻ്റെ പേരിലാണെന്ന് മനസ്സിലാകുന്നുമില്ല.
കഴിഞ്ഞ ലോകകപ്പ് ടി20യിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കാര്യമായ അവസരങ്ങൾ ഒന്നും കൊടുത്തില്ല. ആരാധകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമായിരുന്നു അത്.
ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു ഉണ്ട്.
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കുശേഷം മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം നൽകും. പിന്നീട് നടക്കുന്ന മൂന്നു മത്സരങ്ങൾ ഉള്ള T20ഐ പരമ്പര ഒക്ടോബർ 6 മുതൽ ആരംഭിക്കും. ഗ്വാളിയോറിലാണ് പരമ്പരയിലെ ആദ്യ പോരാട്ടം.
സഞ്ജു ഓപ്പണറോ?
ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ ഒരേയൊരു ഓപ്പണര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ അത് യുവതാരം അഭിഷേക് ശര്‍മയാണ്. ഇതോടെയാണ് പരമ്പരയില്‍ ഒരു ഓപ്പണിങ് താരത്തെ കൂടി ഇന്ത്യക്കു തിരയേണ്ടി വന്നത്.
ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരിലൊരാള്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഓപ്പണിങ് റോള്‍ ഏല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ രണ്ടു പേരും പരമ്പരയുടെ ഭാഗമല്ല. സഞ്ജു സാംസണിനു തന്നെയായിരിക്കും ഓപ്പണിങ് റോള്‍ ലഭിക്കുകയെന്നു ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഇന്ത്യന്‍ ടീമിനായി ഇതിനകം ചില ടി20കളില്‍ ഓപ്പണറായി കളിച്ചിട്ടുണ്ടെന്നതും ഈ റോളിലേക്കുള്ള സഞ്ജുവിൻ്റെ വരവിന് കാരണമാകും.
സഞ്ജുവല്ലാതെ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി കളിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ്. നേരത്തേ ചില ടി20കളില്‍ ഓപ്പണ്‍ ചെയ്തിട്ടുമുണ്ട്. പക്ഷെ ഈ റോള്‍ സ്‌കൈ ഏറ്റെടുക്കാന്‍ സാധ്യത തീരെ കുറവാണ്. കാരണം സൂര്യയെ തുടക്കത്തില്‍ തന്നെ നഷ്ടമായാല്‍ അതു ഇന്ത്യക്കു വലിയ ക്ഷീണമായി മാറും.
സഞ്ജുവിന് പോരാട്ടമാകും ഈ റോള്‍
ടി20 പരമ്പരയില്‍ ഓപ്പണിങ് റോള്‍ ലഭിച്ചാല്‍ സഞ്ജു സാംസണ്‍ വളരെ സൂക്ഷിക്കണം. അവസരം മുതലാക്കി മികച്ചൊരു സെഞ്ച്വറിയോ, ഒന്നോ രണ്ടോ ഫിഫ്റ്റികളോ കുറിക്കാനായാല്‍ ടി20 കരിയറിനു വലിയ മൈലാജായിരിക്കും നല്‍കുക.
എന്നാല്‍ ഓപ്പണിങില്‍ ഫ്‌ളോപ്പായാല്‍ അതു സഞ്ജുവിൻ്റെ കരിയറിനു വലിയ ക്ഷീണമായി മാറുകയും ചെയ്യും. ഈ റോളില്‍ തിളങ്ങിയില്ലെങ്കില്‍ സഞ്ജുവിന് ദേശീയ ടീമില്‍ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ സഞ്ജുവിനെ സംബന്ധിച്ച് ശരിക്കുമൊരു അഗ്നിപരീക്ഷ തന്നെയായിരിക്കും ടി20 പരമ്പരയിലെ ഓപ്പണിങ് റോള്‍.
സഞ്ജുവിൻ്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറാണെന്നു എല്ലാവര്‍ക്കുമറിയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ റണ്‍സ് അടിച്ചെടുത്തിട്ടുള്ളതും ഈ പൊസിഷനിലാണ്. കൂടാതെ നാലാം നമ്പറും സഞ്ജുവിനു അനുയോജ്യമായ പൊസിഷനാണ്. എന്നിട്ടും ഇവ രണ്ടും നല്‍കാതെ സഞ്ജുവിനെ ഓപ്പണിങിലേക്കു കൊണ്ടുവരുന്നത് എന്തിനാണെന്നാണ് ആരാധകര്‍ സംശയിക്കുന്നത്.
ഏറ്റവും അവസാനമായി സഞ്ജു ടി20യില്‍ ഓപ്പണറായി കളിച്ചത് ശ്രീലങ്കയുമായുള്ള കഴിഞ്ഞ പരമ്പരയിലാണ്. രണ്ടാമത്തെ മല്‍സരത്തിലാണ് സഞ്ജു ഓപ്പണറായി ഇറങ്ങിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്