Cinema

തകർപ്പൻ ഡാൻസുമായി രാംചരൺ; ‘ഗെയിം ചെയ്ഞ്ചർ’ പ്രൊമോ പുറത്ത്

രാംചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ എന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രത്തിലെ പുതിയ ​ഗാനത്തിൻ്റെ പ്രൊമോ പുറത്ത്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രൊമോയിൽ ‘രാ മച്ചാ മച്ചാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നാല്പത്തഞ്ച് സെക്കന്റ് ദൈർഘ്യമുള്ള പ്രമോയാണ് പുറത്തുവന്നിരിക്കുന്നത്. മുഴുവൻ ഗാനം ഇന്ന് പുറത്തിറങ്ങും.

പ്രൊമോയിൽ നിന്നും വ്യക്തമായതുപോലെ, രാംചരൺ തകർപ്പൻ ഡാൻസ് നമ്പറുമായി എത്തുന്നുവെന്നാണ് മനസിലാകുന്നത്. ​തമൻ എസ് ആണ് ​ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്, അനന്ത ശ്രീറാം എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് നകാഷ് അസീസ് ആണ്. ചിത്രത്തിൽ നായികയായി കിയാര അദ്വാനിയാണ് എത്തുന്നത്.

‘ഗെയിം ചെയ്ഞ്ചർ’ ഡിസംബർ 20-നാണ് ക്രിസ്മസ് റിലീസായി തീയറ്ററുകളിൽ എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ മികച്ച താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രാം ചരൺ മദൻ എന്ന ഐഎഎസ് ഓഫീസർ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘ജരഗണ്ടി’ ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *