ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ സിഇഒ നിയമനത്തെചൊല്ലി കുറച്ചു ദിവസങ്ങളായി തര്‍ക്കങ്ങള്‍ നടക്കുകയാണ്. പി ടി ഉഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും പുറത്തുവന്നിരുന്നു.
രംഘുറാം അയ്യരെ സിഇഒ ആയി നിയമിച്ച തീരുമാനത്തിന് പ്രസിഡൻ്റ് പി ടി ഉഷ ഭരണസമിതിയുടെ അംഗീകാരം തേടിയിരുന്നു. എന്നാല്‍ സീനിയര്‍ വൈസ് പ്രസിഡൻ്റ് അജയ് പട്ടേല്‍ ഉള്‍പ്പെടെയുള്ള 12 അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തതോടെ അര മണിക്കൂറിനുള്ളില്‍ യോഗം പിരിഞ്ഞു.
ഇതിനു പിന്നാലെ, യോഗം ചേര്‍ന്ന എതിര്‍പക്ഷം ഐഒഎ ജോയിൻ്റ് സെക്രട്ടറി കല്യാണ്‍ ചൗബെയെ ഇടക്കാല സിഇഒയായി നിയമിച്ചു. ചൗബെയെ നിയമിച്ച് എതിര്‍പക്ഷം രംഗത്തെത്തിയതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ (ഐഒഎ) പോര് രൂക്ഷമായി. ഈ നിയമത്തിന് അംഗീകാരമില്ലെന്നു വ്യക്തമാക്കി ഉഷ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്കും ഐഒഎ അംഗങ്ങള്‍ക്കും ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.
“ഇന്ത്യന്‍ കായികരംഗത്തെ ഉന്നമനത്തിനായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തെയും പരിശ്രമങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണിതെന്ന് പി ടി ഉഷ പറഞ്ഞു.
“ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ പ്രതിനിധീകരിക്കുന്ന ഒരു കായികതാരം എന്ന നിലയിലുള്ള എൻ്റെ 45 വര്‍ഷത്തെ കരിയറില്‍, നമ്മുടെ അത്ലറ്റുകളുടെയും രാജ്യത്തിൻ്റെ കായിക ഭാവിയുടെയും അഭിലാഷങ്ങളോട് ഇത്ര നീചമായി പ്രതികരിക്കുന്ന വ്യക്തികളെ ഞാന്‍ കണ്ടിട്ടില്ല,
2036-ലെ ഒളിമ്പിക് ഗെയിംസിന് ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനേക്കാള്‍ ഈ വ്യക്തികള്‍ ‘ പവര്‍ പ്ലേകള്‍ക്കും പണ ലാഭത്തിനും’ മുന്‍ഗണന നല്‍കുകയാണെന്നും” ഉഷ ഇ-മെയില്‍ പറഞ്ഞു.
രഘുറാം അയ്യരുടെ നിയമനത്തില്‍ പിടി ഉഷയുടെ വിശദീകരണം
രഘുറാം അയ്യരെ ഐഒഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത് ഐഒഎ ഭരണഘടനയ്ക്ക് അനുസൃതമായിട്ടാണെന്ന് ഉഷ ഊന്നിപ്പറഞ്ഞു. ”ഈ അംഗങ്ങള്‍ ഉന്നയിച്ച ഏറ്റവും മോശമായ അവകാശവാദങ്ങളിലൊന്ന് അയ്യരുടെ നിയമനത്തെ ചോദ്യം ചെയ്തതാണ്.
2024 ജനുവരിയിലെ അയ്യരുടെ നിയമനം IOA ഭരണഘടനയ്ക്ക് അനുസരിച്ചാണ്. IOA ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15.3.1 അനുസരിച്ച്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഒരു സെക്രട്ടറിയെ ഒരു മാസത്തിനുള്ളില്‍ നിയമിക്കണം. കര്‍ശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഈ കമ്മിറ്റി പിന്തുടരുന്നതെന്നും ഉഷ പറഞ്ഞു,