പശുക്കൾക്ക് ‘രാജ്യമാതാ’ പദവി പ്രഖ്യാപിച്ചു മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വലിയ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. നാടൻ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
“നമ്മുടെ കർഷകർക്ക് നാടൻ പശുക്കൾ അനുഗ്രഹമാണ്. അതിനാൽ, അവർക്ക് ‘രാജ്യ മാതാ’ പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഗോശാലകളിൽ നാടൻ പശുക്കളെ വളർത്തുന്നതിനുള്ള സഹായം നൽകാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്, ”മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
വരുമാനം കുറവായതിനാൽ ഗോശാലകൾക്ക് ചിലവുകൾ താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവരെ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. ഈ പദ്ധതി മഹാരാഷ്ട്ര ഗോസേവ കമ്മീഷൻ ഓൺലൈനായി നടപ്പിലാക്കും, ”മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
“ഓരോ ജില്ലയിലും ജില്ലാ ഗോശാല വെരിഫിക്കേഷൻ കമ്മിറ്റി ഉണ്ടായിരിക്കും. 2019ലെ 20-ാമത് മൃഗ സെൻസസ് പ്രകാരം നാടൻ പശുക്കളുടെ എണ്ണം 46,13,632 ആയി കുറഞ്ഞു. 19-ാം സെൻസസിനെ അപേക്ഷിച്ച് ഈ സംഖ്യ 20.69 ശതമാനം കുറഞ്ഞു,” എന്നും പ്രസ്താവന കൂട്ടിച്ചേർത്തു.