മിക്കേൽ സ്റ്റാറേയുടെ കൊമ്പന്മാർ തളർന്നില്ല, കിടിലൻ പോരാട്ടങ്ങളിലൂടെ 1-1ന് നോർത്ത് ഈസ്റ്റിൻ്റെ തട്ടകത്തിൽ സമനില നിലനിർത്തി. ആവേശകരമായ സൂപ്പർ പോരാട്ടത്തിൽ ഇരു ടീമുകളും വിജയം കൊതിച്ചെങ്കിലും സമനിലയിൽ കലാശിക്കേണ്ടി വന്നു.
ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റങ്ങൾ നയിച്ചുകൊണ്ട് രാഹുൽ അവസരമുണ്ടാക്കിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 58-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് നോർത്ത് ഈസ്റ്റ് മത്സരത്തിലെ ആദ്യ ലീഡെടുത്തത്.
അജാരെയുടെ, ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോളി സച്ചിൻ സുരേഷിൻ്റെ കൈകളിലെത്തി. എന്നാൽ സച്ചിന് പിഴച്ചു. താരത്തിൻ്റെ കൈകളിൽനിന്ന് വഴുതിവീണ പന്ത് ഗോൾ ലൈൻ കടന്നു. സ്കോർ 1–0. ഗോൾ വീണതോടെ മറുപടി കണ്ടെത്താനായി ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര കുതിച്ചുകയറി. അതിൻ്റെ ഫലം ലഭിക്കാൻ 67–ാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു.
നോവ സദൂയി ബോക്സിനു പുറത്തുനിന്ന് കിടിലൻ ഇടം കാൽ ഷോട്ട്, നോർത്ത് ഈസ്റ്റ് ഗോളിക്ക് സാധ്യതകൾ ബാക്കി വയ്ക്കാതെ വലയിലെത്തി. സ്കോർ 1–1. സദൂയിയുടെ മാജിക്കിൽ മഞ്ഞപ്പടയുടെ പ്രതീക്ഷകൾക്ക് ജീവൻ വച്ചു. 71–ാം മിനിറ്റിൽ ഫ്രീകിക്കിൽ ഹെഡ് ചെയ്ത് ഗില്ലർമോ നോർത്ത് ഈസ്റ്റിനായി വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.
നായകൻ്റെ വരവ്
80–ാം മിനിറ്റിൽ സ്പാനിഷ് താരം ജെസൂസ് ഹിമെനെയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് അഡ്രിയൻ ലൂണയെ കളത്തിലിറക്കി. പിന്നീടങ്ങോട്ട് പ്രതിരോധമായിരുന്നു, ജയിക്കാൻ ബ്ലാസ്റ്റേഴ്സും ഹോം ഗ്രൌണ്ടിൽ തോൽക്കാതിക്കാൻ നോർത്തീസ്റ്റും. അവസാന മിനുട്ടിൽ അക്തറിന് റെഡ് കാർഡ് കിട്ടി നോർത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയെങ്കിലും മത്സരത്തിൻ്റെ മേൽക്കൈ നേടാൻ ആർക്കും കഴിഞ്ഞില്ല.