News

വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്ന പ്രവണത വർധിക്കുന്നു: വനിതാ കമ്മീഷൻ

വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണത കൂടുന്നതായും കുട്ടികളെ അതു ബാധിക്കുന്നതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷൻ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

ലിവിങ് ടുഗെതര്‍ ബന്ധം വര്‍ദ്ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോൾ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നു.

തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മുമ്പാകെ വന്ന പരാതികളില്‍ അണ്‍ എയ്ഡഡ്, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. സിസി ക്യാമറകളിലൂടെ അധ്യാപകരുടെ ചെറിയ ചലനങ്ങള്‍ പോലും നിരീക്ഷിച്ചു കൊണ്ട് അവരുടെ ആത്മവിശ്വാസം

തകർക്കുന്ന രീതിയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കമ്മീഷന്‍ നിരീക്ഷിച്ചു. തൊഴിലിടങ്ങളില്‍ വനിതാ അധ്യാപകർക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സ്കൂൾ മാനേജ്‌മെന്റ് ശ്രദ്ധ പുലര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

2024 ഡിസംബര്‍ 16 ന് നടന്ന കേരള വനിതാ കമ്മീഷന്റെ എറണാകുളം ജില്ലാതല അദാലത്തില്‍നിന്നും

നിരാലംബരാകുന്ന അനവധി അമ്മമാര്‍ കമ്മീഷനു മുന്നിലെത്തുന്നു. പ്രായമായ മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം അവരെ ഇറക്കി വിടുന്ന അനവധി പരാതികളാണ് ലഭിക്കുന്നതെന്ന് കമ്മീഷന്‍ ആശങ്ക അറിയിച്ചു.

ദാമ്പത്യ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നതിനാൽ കൗണ്‍സലിംഗ് ഒട്ടേറെ പരാതികളിൽ ആവശ്യമായിരിക്കുകയാണ്. കൗൺസലിംഗ് ആവശ്യമുള്ളവർക്കായി തിരുവനന്തപുരം കമ്മീഷൻ ഓഫീസിലും എറണാകുളം റീജണല്‍ ഓഫീസിലും അതു നൽകുന്നതിനുള്ള സംവിധാനങൾ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ജാഗ്രതാ സമിതികളുടെ നേതൃത്വത്തിലുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.

Kerala Women's Commission
2024 ഡിസംബര്‍ 16 ന് നടന്ന കേരള വനിതാ കമ്മീഷന്റെ എറണാകുളം ജില്ലാതല അദാലത്തില്‍നിന്നും

എറണാകുളം ജില്ലാതല മെഗാ അദാലത്തില്‍ 117 പരാതികളാണു കമ്മീഷന്‍ പരിഗണിച്ചത്. 15 കേസുകള്‍ തീര്‍പ്പാക്കി. അഞ്ചു കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിന് വിട്ടു. മൂന്നു പരാതികളില്‍ തുടര്‍ കൗണ്‍സലിംഗ് കൊടുക്കുന്നതിനു നിര്‍ദ്ദേശിച്ചു.

അദാലത്തിൽ അധ്യക്ഷ അഡ്വ. പി. സതീദേവിക്കൊപ്പം കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവരും പങ്കെടുത്തു. അഭിഭാഷകരായ സ്മിത ഗോപി, വി എ അമ്പിളി, കെ ബി രാജേഷ്, കൗൺസലർ ബി പ്രമോദ് എന്നിവരും കമ്മീഷനെ സഹായിക്കാൻ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *