തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൽ ദീപു എസ് നായർ ഒന്നാമനായി. അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്ന മത്സരത്തിൽ 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണിൽ, മുപ്പതിനും നാല്പത്തിഅഞ്ചിനും ഇടയിൽ പ്രായമുള്ളവരിൽ നടന്ന മത്സരത്തിലാണ് ദീപു എസ് നായർ ഒന്നാമനായത്.
ഇതേ വിഭാഗത്തിൽ ശ്രീനിധി ശ്രീകുമാർ രണ്ടാം സ്‌ഥാനവും അൻവർ ഐ കെ മൂന്നാം സ്‌ഥാനവും നേടി. മൂന്നുവിഭാഗങ്ങളിലായിട്ടാണ് ഫുൾ മാരത്തോൺ നടന്നത്. പതിനെട്ട് വയസിനും ഇരുപത്തിഒൻപത് വയസിനിടയിൽ ശുഭം ബദോല, രാഹുൽ ആർ എസ് ,അഗ്നിവീർ ദേവാകാന്ത് വിശാൽ , എന്നിവർ വിജയികളായപ്പോൾ നാല്പത്തിയാറിനും അമ്പത്തിഒന്പത് വയസിനിടയിൽ വിജയകുമാർ സിംഗ് , ഗിരീഷ് ബാബു ,ദിനേശ് എന്നിവർ വിജയിച്ചു .
21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ 10 കിലോമീറ്റർ ദൈർഘ്യം ഉള്ള ഓട്ടം, 5 കിലോമീറ്റർ ദൈർഘ്യമുള്ള കോർപറേറ്റ് റൺ, ഭിന്നശേഷിക്കാർക്കായി സൂപ്പർ റൺ എന്നിവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൻ്റെ ഭാഗമായി നടന്നു.
കോവളം മുതൽ ശഖുമുഖം വരെയുള്ള പാതയിലൂടെയായിരുന്നു മാരത്തോൺ. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും മാരത്തോണിൽ വെവ്വേറെ മത്സരം ഉണ്ടായിരുന്നു.
വിവിധ വിഭാഗങ്ങളിലായി മാരത്തോൺ മത്സരത്തിൽ 1500 പേരാണ് പങ്കെടുത്തു. നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്), ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിച്ചത് .
കോൺഫെഡറെഷൻ ഓഫ് ഇന്ത്യൻ ഇൻ്റെ സ്ട്രീസ്, കേരള പോലീസ്, കേരള ടൂറിസം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മരത്തോണിൻ്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെട്ടത്.
പരിചയസമ്പന്നരായ അത് ലറ്റുകൾ, ഫിറ്റ്നസ് പ്രേമികൾ, വിദ്യാർത്ഥികൾ, എന്നിവർ മാരത്തോണിൻ്റെ ഭാഗമായി. എം. വിൻസെൻ്റ് എം എൽ എ, പ്രശസ്ത ഫുട്ബോള്‍താരം ഐ.എം. വിജയന്‍, പാങ്ങോട് ആര്‍മി സ്റ്റേഷന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ കേണൽ പ്രശാന്ത് ശർമ്മ, എയർ ഫോഴ്‌സ് ഗ്രൂപ് ക്യാപ്റ്റൻ മണികണ്ഠൻ , ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദർ , രഘു ചന്ദ്രൻ നായർ തുടങ്ങിയവര്‍ മാരത്തോണില്‍ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഐ ക്ലൗഡ് ഹോംസ് ഡയറക്ടര്‍ ബിജു ജനാര്‍ദ്ദനന്‍, വാട്സണ്‍ എനര്‍ജി ഡയറക്ടര്‍ ടെറെന്‍സ് അലക്സ്, യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ ഡോ. സുമേഷ് ചന്ദ്രൻ, കോ-ചെയർമാൻ ശങ്കരി ഉണ്ണിത്താൻ, അന്താരാഷ്ട്ര കോവളം മാരത്തോൺ റൈസ് ഡയറക്ടർ ഷിനോ, കോവളം മാരത്തോൺ റൈസ് കണ്‍വീനര്‍ മാത്യൂ ജേക്കബ്ബ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
ലോക ഹൃദയാരോഗ്യ ദിനത്തിൻ്റെ ഭാഗമായി നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്), എസ് യു ടി പട്ടം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരത്തോണിൻ്റെ ഭാഗമായി ഫ്ലാഷ് മോബ് അടക്കമുള്ള വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.