CricketSports

രോഹിത് ശർമയുടെ പിൻഗാമി: ബുംറയുടെ സാധ്യത കൂടുന്നു

രോഹിത് ശർമയുടെ പിൻഗാമിയായി ജസ്പ്രീത് ബുംറ എത്തിയേക്കും. സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് ശർമ വിരമിക്കും. പകരം നായക സ്ഥാനത്ത് ജസ്പ്രീത് ബുംറ എത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഓസ്ട്രേലിയയിൽ പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് ബുംറ ആയിരുന്നു. ഇന്ത്യ വിജയിക്കുകയും ചെയ്തു.

എന്നാൽ രോഹിത് ശർമ തിരിച്ചെത്തിയതോടെ ബുംറക്ക് നായകസ്ഥാനം മാറി കൊടുക്കേണ്ടി വന്നു. നായക സ്ഥാനത്തും കളിയിലും രോഹിത് ശർമ ദുരന്തമായി മാറി.

മെൽബൺ ടെസ്റ്റിലെ തോൽവിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ തോല്‍വിയേറ്റുവാങ്ങിയ ക്യാപ്റ്റൻ എന്ന നാണക്കേടിലാണ് രോഹിത് പതിച്ചത്. സച്ചിൻ്റെ 5 തോൽവി എന്ന റെക്കോഡാണ് രോഹിത് മറികടന്നത്.

ഈ വര്‍ഷം ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേയായിരുന്നു. അഞ്ചു ടെസ്റ്റുകളിലാണ് നാട്ടില്‍ വച്ച് ഇംഗ്ലണ്ടുമായി രോഹിത് ശര്‍മയും സംഘവും ഏറ്റുമുട്ടിയത്. ജനുവരിയില്‍ ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് വീഴ്ത്തുകയും ചെയ്തു. 28 റണ്‍സിനാണ് ബെന്‍ സ്റ്റോക്‌സിന്റെ ടീം ജയിച്ചു കയറിയത്. എങ്കിലും ഈ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചു. അതിനു ശേഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-0നു ജയിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ തകര്‍ന്നടിഞ്ഞു. മൂന്നു ടെസ്റ്റുകളുടെ പരമ്പര കിവികള്‍ 3-0ന് തൂത്തുവാരി.

തുടര്‍ന്നാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ടീം ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ജയിച്ചെങ്കിലും പിന്നീട് തകര്‍ന്നു. രോഹിത്തിന് കീഴില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യയെ ഓസീസ് പത്തു വിക്കറ്റിനാണ് തകർത്തത്. ഇതോടെ അഞ്ചാം ടെസ്റ്റ് തോല്‍വിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം രോഹിത് എത്തി.

മെല്‍ബണിലെ നാലാം ടെസ്റ്റും തോറ്റതോടെ ആറാം പരാജയവുമായി രോഹിത് സച്ചിനെ മറികടന്നു.വിരാട് കോലിയില്‍ നിന്നും ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തതിനു ശേഷം രോഹിത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കോലിയേക്കാള്‍ മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെങ്കിലും ടെസ്റ്റില്‍ കോലിയേക്കാള്‍ ഏറെ പിറകിലാണ് രോഹിത്ത്. നായകനായി പെർത്ത് ടെസ്റ്റിൽ നേടിയ വിജയം ആണ് രോഹിത്തിൻ്റെ പിൻഗാമിയായി ബുംറയുടെ സാധ്യത വർദ്ധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *