റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL ) ന്റെ കീഴിൽ വരുന്ന വാർത്തേതര ടി വി ചാനലുകളുടെ ലൈസൻസ് കൈമാറ്റത്തിന് സർക്കാർ അനുമതി നൽകി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് അനുമതി നൽകിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ (viacom 18) ഉടമസ്ഥതയിലുള്ള ചാനലുകൾ സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. ഈ ലയനം കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI )നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരമാകും ഉണ്ടാകുക. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഡിസ്നിയും തമ്മിലുള്ള സംയുക്ത സംരംഭത്തിൻ്റെ ഭാഗമാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കേന്ദ്രം പുറപ്പെടുവിച്ചു. അതേസമയം, രണ്ട് കമ്പനികളും നടപ്പിലാക്കിയ ഒറിജിനൽ കരാറിൽ വരുത്തിയ മാറ്റങ്ങൾ സിസിഐ വെളിപ്പെടുത്തിയിട്ടില്ല.
കരാർ പ്രകാരം, രണ്ട് സ്ട്രീമിംഗ് സേവനങ്ങളും 120 ടെലിവിഷൻ ചാനലുകളും ഉൾക്കൊള്ളുന്ന സംയുക്ത സ്ഥാപനത്തിൻ്റെ 63.16 ശതമാനം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള RIL-നും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും കൈവശം വയ്ക്കുമ്പോൾ 36.84 ശതമാനം ഓഹരി വാൾട്ട് ഡിസ്നിയ്ക്കാണ്. ഇതോടെ, റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും വാൾട്ട് ഡിസ്നിയുടെയും മാധ്യമ ആസ്തികൾ ലയിക്കുന്നതോടെ 70,000 കോടിയിലധികം മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സൃഷ്ടിക്കപ്പെടും.
നേരത്തെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മീഡിയ, എൻ്റർടൈൻമെൻ്റ് ആസ്തികൾ കൈവശം വച്ചിരിക്കുന്ന വയാകോം 18 മീഡിയ, ഡിജിറ്റൽ 18 മീഡിയ എന്നിവയുടെ ലയന പദ്ധതിക്ക് എൻസിഎൽടി (NCLT ) അംഗീകാരം നൽകിയിരുന്നു.
വയാകോം 18-ൻ്റെ അനുബന്ധ സ്ഥാപനമായ വയാകോം 18, ജിയോ സിനിമ എന്നിവയുടെ മീഡിയ ഓപ്പറേഷൻസ് അണ്ടർടേക്കിംഗ് ഡിജിറ്റൽ 18-ലേക്ക് കൈമാറ്റം ചെയ്യാനും നിക്ഷിപ്തമാക്കാനും പദ്ധതി നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് വി 18 അണ്ടർടേക്കിംഗിനെ ഡിജിറ്റൽ 18-ൽ നിന്ന് സ്റ്റാർ ഇന്ത്യയിലേക്ക് വിഭജിക്കുകയും കൈമാറ്റം ചെയ്യുന്നതായിരിക്കും.