മുംബൈ: ഐപിഎൽ ചരിത്രത്തിലാദ്യമായി ‘മാച്ച് ഫീ’ സമ്പ്രദായം നടപ്പാക്കാൻ ബിസിസിഐ തീരുമാനിച്ചു. ഇത് പ്രകാരം ഒരു ഐപിഎൽ മാച്ച് കളിക്കുന്ന ക്രിക്കറ്റർക്ക് 7.5 ലക്ഷം രൂപ മാച്ച് ഫീയായി നൽകണം. ഇതിനായി ഓരോ ഫ്രാഞ്ചൈസിയും 12.60 കോടി രൂപ വകയിരുത്തും. ഒരു സീസണിലെ എല്ലാ മാച്ചിലും പങ്കെടുക്കാൻ ഒരു കളിക്കാരന് സാധിച്ചാൽ 1 കോടി രൂപയ്ക്ക് മുകളിൽ മാച്ച് ഫീ ഇനത്തിൽ മാത്രം നേടാനാകും. കരാർ പ്രകാരം ലഭിക്കുന്ന തുകയ്ക്ക് പുറമെയാണ് മാച്ച് ഫീ. അടുത്ത ഐപിഎൽ സീസൺ മുതൽ ഇത് പ്രാബല്യത്തിൽ വരും.
അതോടൊപ്പം അടുത്ത ഐപിഎൽ സീസണിലേക്ക് നിലവിലെ ടീമിലുള്ള 6 താരങ്ങളെ നിലനിർത്താനും ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകിയിട്ടുണ്ട്. മുൻപ് 4 താരങ്ങളെ മാത്രം നിലനിർത്താൻ അനുവദിച്ചിരുന്നതാണ് 2 എണ്ണം ഉയർത്തി 6 ആക്കിയത്. താരങ്ങളെ നിലനിർത്തുകയോ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. ശനിയാഴ്ച ബെംഗളൂരുവിൽ ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിലാണു നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം 6 ആക്കി ഉയർത്തിയത്.
അതേസമയം ലേലത്തിൽ പോയ ശേഷം ഐപിഎല്ലിൽ പങ്കുടുത്തില്ലെങ്കിൽ താരങ്ങൾക്ക് വിലക്കേർപ്പെടുത്താനും തീരുമാനമായി. മതിയായ കാരണം ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത രണ്ട് ഐപിഎല്ലിൽ നിന്നും ലേലത്തിൽ നിന്നും താരത്തെ വിലക്കും. വിദേശ താരങ്ങൾ മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്യണം, രജിസ്റ്റർ ചെയ്തില്ലെങ്കിൽ അടുത്ത വർഷം വിലക്കുണ്ടാകും. നിലവിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത ഒരു താരത്തെ ടീമിൽ നിലർത്തണമെന്നും നിബന്ധനയുണ്ട്.