ബെയ്റൂട്ട്: ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ ഇറാൻ പരമോന്നത നേതാവിൻ്റെ സുരക്ഷ ശക്തമാക്കി. അതേസമയം ആയത്തുള്ള ഖമനിക്ക് ഭീഷണി ഉണ്ടായാൽ ഇറാൻ നേരിട്ട് യുദ്ധത്തിലേക്ക് ഇറങ്ങുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
ഇസ്രയേലുമായി സംഘർഷത്തിലുള്ള ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികൾ എന്നീ 3 സായുധസംഘടനകൾക്കും ഇറാൻ പിന്തുണ നൽകുന്നുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ സന്ദർശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ലെബനനിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ ബെയ്റൂട്ടിൽ ഇറാൻ്റെ വിമാനം ഇറക്കുന്നത് ഇസ്രയേൽ വിലക്കിയിരുന്നു. ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊലപ്പെടുത്തിയത് ഇറാനും ഹിസ്ബുള്ളയ്ക്കും കനത്ത തിരിച്ചടിയായിരുന്നു.
ഹിസ്ബുള്ളയുടെ നേതാക്കന്മാരിൽ ഇസ്രായേൽ വധിക്കുന്ന ഏറ്റവും ഉന്നത നേതാവാണ് ഹസൻ നസ്റല്ല. സതേൺ ഫ്രണ്ട് കമാൻഡർ അലി കർക്കി അടക്കം ഉന്നത നേതാക്കളെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിലെ മുതിർന്ന കമാൻഡറായ അബ്ബാസ് നിൽഫറോഷാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നാണു ഗാസയിൽ ഇസ്രയേൽ തിരിച്ചടി ശക്തമാക്കിയത്. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള രംഗത്തെത്തിയതോടെ സംഘർഷം ലെബനനിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് നിരവധി ഹിസ്ബുള്ള നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഹിസ്ബുള്ളയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മേഖലയിലെ പാർപ്പിടസമുച്ചയങ്ങളിൽ ഇസ്രയേൽ ഉഗ്രശേഷിയുള്ള ബോംബാക്രമണം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ 700 ലധികം പേരാണു കൊല്ലപ്പെട്ടത്. അതേസമയം ഗാസയ്ക്കും ലെബനനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.