ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരു ജീവനും കൂടി നഷ്ടമായി. 65 കാരിയായ ഗട്ടുബായിയെന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ചയാണ് സ്ത്രീക്ക് നെരെ ആക്രമണം നടന്നത്. 11 ദിവസത്തിനുള്ളില്‍ പ്രദേശത്ത് മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്ന അഞ്ചാമത്തെ സംഭവമാണിത്. ഉദയ്പൂര്‍ ജില്ലയില്‍ ഗോഗുണ്ട മേഖലയിലെ ഗുര്‍ജറോണ്‍ കാ ഗുഡ ഗ്രാമത്തിലെ തന്‍രെ വീട്ടിലായിരുന്നു ഗട്ടു ബായിയും അവരുടെ ഭര്‍ത്താവും താമസിച്ചിരുന്നത്.
പുലിയുടെ ആക്രമണം നടക്കുമ്പോള്‍ ഗട്ടു ബായ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. വൈകുന്നേരത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കാണാതെ വന്നതോടെ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇവരുടെ സാരിയുടെ കഷ്ണങ്ങളും ചില ആഭരണങ്ങളും രക്തത്തിന്റെ അംശങ്ങളും നാട്ടുകാര്‍ കണ്ടെത്തി. പിന്നീട് ഗട്ടുബായിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ സമീപത്തെ വനത്തില്‍ കണ്ടെത്തുകയായിരുന്നു.
പുലിയുടെ ആക്രമണമാണോ മറ്റെന്തെങ്കിലും മൃഗമാണോ ആക്രമിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാട്ടുകാര്‍ വളരെ ഭീതിയിലാണ്. ശനിയാഴ്ച തന്നെ ഗോഗുണ്ടയിലെ വനമേഖലയില്‍ നിന്ന് ഒരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. സെപ്തംബര്‍ 18,19,20,25 തീയതികളിലായി കുട്ടികളുള്‍പ്പടെ നാല് പേര്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അഞ്ച് കൂടുകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു.