ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിൽ രാഹുൽ ഗാന്ധിയെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ. ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാൻ കഴിയുന്ന ധീരനായ രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരം പറയുക ആയിരുന്നു അദ്ദേഹം. മറുപടിയിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയെ പുകഴ്ത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ നയിക്കാൻ നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഇവരില്‍ ആരെയാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം. ഇവരെല്ലാം ധീരരായ രാഷ്ട്രീയ നേതാക്കളാണെന്നും എന്നാല്‍ മുൻകാലങ്ങളിൽ തനിക്ക് ലഭിച്ച അനാദരവ് ആദരവാക്കി മാറ്റിയ ധീരനായ നേതാവാണ് രാഹുല്‍ ഗാന്ധി എന്ന് സെയ്ഫ് പറഞ്ഞു.
താൻ രാഷ്ട്രീയക്കാരനല്ലെന്നും ഒരു രാഷ്ട്രീയക്കാരനാകാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെങ്കിൽ അത് പങ്കുവയ്ക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് അടക്കം സെയ്ഫ് അലി ഖാന്‍റെ വീഡിയോ എക്സ് വഴി പങ്കുവെച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളോട് അനാദരവ് കാണിക്കുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും കഠിനാധ്വാനം കൊണ്ട് അദ്ദേഹം അത് മാറ്റിമറിച്ചതായി താൻ കരുതുന്നുവെന്നും സെയ്ഫ് അലി ഖാന്‍ കോൺക്ലേവിൽ പറഞ്ഞു.