
നിർത്താതെ മഴ, രണ്ടാം ദിവസത്തെ തുടക്കവും വൈകുന്നു: India vs Bangladesh Test
കാൺപൂരിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലെ, രണ്ടാം ദിവസത്തെ കളിയുടെ തുടക്കവും മഴ കാരണം വൈകുന്നു. തുടർച്ചയായി മഴ പെയ്തതിനാൽ ഉദ്ഘാടന ദിവസം 35 ഓവറിൽ മത്സരം അവസാനിപ്പിക്കേണ്ടി വന്നു. കാലാവസ്ഥ ഇന്ന് വീണ്ടും മോശമായി.
കാൺപൂരിൽ ഇപ്പോഴും തുടരുന്ന ചാറ്റൽമഴയാണ് കളിക്ക് തടസ്സമാവുന്നത്. ഗ്രൗണ്ട് മുഴുവൻ മൂടിയിരിക്കുകയാണ്. ഒന്നരദിവസമായി മഴ ഇടവിട്ട് തുടരുകയാണ്. രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയാണ് കാൺപൂരിൽ നിന്നും വരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് BCCI അറിയിപ്പുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
ഒന്നാം ദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച്, ആദ്യദിനം 35 ഓവർ എറിഞ്ഞപ്പോൾ 107-ന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്. 40*റൺസോടെ മോമിനുൽ ഹഖും ആറ് റൺസുമായി മുഷ്ഫിഖുർറഹീമുമാണ് ക്രീസിൽ. ഓപ്പണർമാരായ സാക്കിർ ഹസൻ (0), ഷദ്മാൻ ഇസ്‌ലാം (24), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (31) എന്നിവർ പുറത്തായിരുന്നു.
മഴ തുടരുകയാണെങ്കിൽ ഇന്ത്യ കുറച്ച് മുൻ കരുതലോടെ ക്രിക്കറ്റ് കളിക്കേണ്ടി വരും, കാലാവസ്ഥ മനസ്സിൽ വെച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യണം. അടുത്ത രണ്ട് ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.