നടൻ ചിരഞ്ജീവിയ്ക്ക് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് പുരസ്കാരം. അബുദാബിയിലെ യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയിൽ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലിലാണ് നടൻ ചിരഞ്ജീവിയെ ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചത്. മുതിർന്ന ബോളിവുഡ് നടി ഷബാന ആസ്മിയും പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറും ചേർന്നാണ് ചിരഞ്ജീവിയ്ക്ക് പുരസ്കാരം നൽകിയത്.
“ഈ അവാർഡ് എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം മാത്രമല്ല, എന്റെ ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും തെളിവാണ്. ഞാൻ അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു ” എന്ന് പുരസ്കാരം സ്വീകരിച്ച ശേഷം ചിരഞ്ജീവി പറഞ്ഞു.
മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന ഐഫാ ഫെസ്റ്റിവൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചവയെ ആഘോഷിക്കുന്ന പുരസ്കാര വേദിയാണ്. വിനോദ ലോകത്തിന് ചിരഞ്ജീവി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണ് അദ്ദേഹത്തിന് നൽകിയ അവാർഡ്.