ന്യു ഡല്‍ഹി: ഓൺലൈനായി പോലും കോടതിയിൽ ഹാജരാകാൻ തയാറാകാത്ത കേരള ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി റൗസ് അവന്യു കോടതി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്രയാണ് ആഭ്യന്തര സെക്രട്ടറിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അടുത്തുള്ള കോടതിയിൽ ഹാജരായി ഓൺലൈനായി മൊഴി നൽകാൻ നിർദേശിച്ചിട്ടും സ്വന്തം ഓഫിസിൽ നിന്ന് മാത്രമേ മൊഴി നൽകൂ എന്ന് വാശി പിടിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. ശക്തമായ താക്കീത് നൽകിയ കോടതി ഒക്ടോബറിൽ കേസ് പരിഗണിക്കുമ്പോൾ ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പും നൽകി.
ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് ഈഗോയാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കുറ്റപ്പെടുത്തി. കോടതി നടപടിക്രമം വകവയ്ക്കാത്ത സമീപനം കണക്കിലെടുത്താണ് കോടതി സിൻഹയെ വിമർശിച്ചത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരള ഹൗസിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ കേസിൽ മൊഴി നൽകാനാണ് ആഭ്യന്തര സെക്രട്ടറി വിമുഖത കാണിക്കുന്നത്. സംഭവം നടക്കുമ്പോൾ ബിശ്വനാഥ് സിന്‍ഹ ഡല്‍ഹി ഡൽഹി കേരള ഹൗസിലെ അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ ആയിരുന്നു. കേരളത്തിലെ ചീഫ് സെക്രട്ടറി മുഖേന ബിശ്വനാഥ് സിന്‍ഹയ്ക്ക് നോട്ടീസ് കൈമാറാനും കോടതി ഉത്തരവിട്ടു.
സിപിഎം നേതാവും രാജ്യസഭാ എംപിയുമായ വി ശിവദാസന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിലെ പ്രതികളാണ്. എസ്എഫ്ഐ അതിക്രമത്തിനെതിരെ ബിശ്വനാഥ് സിന്‍ഹ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രധാന സാക്ഷിയായ ബിശ്വനാഥ് സിന്‍ഹയോട് ശനിയാഴ്ച ഓണ്‍ലൈനായി ഹാജരായി മൊഴി നല്‍കാന്‍ റൗസ് അവന്യു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിന്‍ഹ ഹാജരാകാൻ തയാറായില്ല
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി ഓണ്‍ലൈനിലൂടെ മൊഴി നൽകാൻ കോടതി അനുമതി നൽകിയിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ പ്രതികളെല്ലാം ഹാജരായിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര ഉറപ്പ് വരുത്തി. തുടര്‍ന്ന് സാക്ഷിയായ ബിശ്വനാഥ് സിന്‍ഹയെ ഓണ്‍ലൈനായി കണക്ട് ചെയ്യാന്‍ ശ്രമിച്ചപ്പോൾ സെഷൻസ് കോടതിയിൽ ഹാജരായിട്ടില്ലെന്ന് ജീവനക്കാർ മജിസ്ട്രേറ്റിനെ അറിയിച്ചു.
കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയായ താന്‍ ഓണ്‍ലൈനായി മൊഴി നല്‍കാന്‍ കോടതിയിലേക്ക് പോകാറില്ലെന്നായിരുന്നു സിന്‍ഹ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ചട്ടങ്ങള്‍ പ്രകാരം കോടതി മുറിയില്‍നിന്ന് അല്ലാതെ നല്‍കുന്ന മൊഴി രേഖപ്പെടുത്താന്‍ തനിക്കാകില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു.