അർജുന് നാടിൻറെ യാത്രാമൊഴി ; ആയിരങ്ങൾ സാക്ഷിയായി സംസ്കാരം

വൻ ജനാവലിയായിരുന്നു അർജുന്റെ വീടിനു ചുറ്റും തടിച്ചുകൂടിയത്.

അർജുൻ

കോഴിക്കോട് : ആയിരങ്ങൾ സാക്ഷിയായി അർജുന് നാടിൻറെ യാത്രാമൊഴി. പൊതുദർശനത്തിന് പിന്നാലെ നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയായിരുന്നു അർജുന്റെ വീടിനു ചുറ്റും തടിച്ചുകൂടിയത്. കൂടാതെ വിലാപയാത്രയിലും നാട് അണിനിരന്നു.‌

ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചതിന് ശേഷം അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്കെടുത്തു. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കർണ്ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെ വീട്ടിലെത്തിച്ചു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് അര്‍ജുന്‍റെ വീട്ടിലെത്തി.

ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു. അതേസമയം, ജൂലൈ 16ന്‌ ഷിരൂരിൽ മണ്ണിടിഞ്ഞ്‌ കാണാതായ അർജുന്റെ മൃതദേഹം 72 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്‌. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ രണ്ടുദിവസം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments