തിരുവനന്തപുരം : സാലറി ചലഞ്ച് 300 കോടിയിൽ എത്തുമെന്ന പ്രതീക്ഷയിൽ ധനവകുപ്പ്. സെപ്റ്റംബർ മാസം ആദ്യ ഗഡുവായി സാലറി ചലഞ്ച് വഴി 44 കോടി സമാഹരിക്കാൻ സാധിച്ചു. സെപ്റ്റംബർ മാസം 1 ദിവസത്തെ ശമ്പളം ആണ് സാലറി ചലഞ്ച് വഴി സമാഹരിച്ചത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ 2 ദിവസത്തെ ശമ്പളം വീതം സാലറി ചലഞ്ച് വഴി ലഭിക്കും.
ഇതോടെ 176 കോടി ഒക്ടോബർ, നവംബർ മാസങ്ങളിൽ സാലറി ചലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തും. ഇതോടെ സാലറി ചലഞ്ച് തുക 220 കോടിയായി ഉയരും. 2.90 ലക്ഷം ജീവനക്കാരാണ് സാലറി ചലഞ്ചിൽ പങ്കെടുത്തത്. 5.45 ലക്ഷം ജീവനക്കാരാണ് സർക്കാർ സർവീസിൽ ഉള്ളത്.
ലീവ് സറണ്ടർ വഴി സാലറി ചലഞ്ചിൽ പങ്കെടുക്കുന്നവരുടെ തുക കൂടി ലഭിക്കുന്നതോടെ സാലറി ചലഞ്ച് 300 കോടിയായി ഉയരും എന്നാണ് ധനവകുപ്പിൻ്റെ കണക്ക് കൂട്ടൽ. വയനാട് പുനരധിവാസത്തിനായി 449 കോടിയോളം രൂപ പൊതുജനങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇനിയും ലഭിക്കും എന്ന പ്രതീക്ഷയിലാണ് സർക്കാർ.
സാലറി ചലഞ്ച് വഴിയും പൊതുജനങ്ങളിൽ നിന്നും 1000 കോടി സമാഹരിക്കാൻ സാധിക്കും എന്നാണ് ധനവകുപ്പ് കണക്ക് കൂട്ടുന്നത്. കേന്ദ്രസഹായം കൂടി ലഭിച്ചാൽ വയനാടിന് വേണ്ടി സർക്കാരിന് പ്രത്യേക ഫണ്ട് കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ.